Christmas Exam


Labour India Info World

Tuesday, 21 May 2013

Class X - അടിസ്‌ഥാന പാഠാവലി യൂണിറ്റ് I : വാക്കിന്‍െറ കൂടെരിയുന്നു

ആഫ്രിക്കന്‍രാജ്യമായ കെനിയയില്‍ ബാണ്ടു, നൈലോട്ടിക്‌ എന്നിങ്ങനെ രണ്ടു പ്രമുഖവിഭാഗങ്ങളിലായി എഴുപതുഗോത്രങ്ങളാണുള്ളത്‌. മൊത്തം ജനസംഖ്യയുടെ ഏതാണ്ട്‌ 22 ശതമാനവും വരുന്ന ഗികുയു വര്‍ഗക്കാരാണ്‌ ഏറ്റവും വലിയ ഗോത്രങ്ങളിലൊന്ന്‌. ഗികുയു എന്നുതന്നെയാണ്‌ ഇവരുടെ മാതൃഭാഷ അറിയപ്പെടുന്നത്‌.
1920 ലാണ്‌ ബ്രിട്ടീഷുകാര്‍ കെനിയയെ പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കിയത്‌. ഗികുയു വര്‍ഗക്കാരനായ കെനിയാറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളുടെ ഫലമായി 1963ല്‍ കെനിയ സ്വതന്ത്രമായി. കോളനി വാഴ്‌ചയുടെ കാലത്ത്‌ ഗികുയു ഭാഷയ്‌ക്കുണ്ടായ അപചയമാണ്‌ ഗൂഗി വാ തിഓംഗോയുടെ `വാക്കിന്റെ കൂടെരിയുന്നു' എന്ന പാഠഭാഗത്ത്‌ പരാമര്‍ശിക്കുന്നത്‌. റോമന്‍ അക്ഷരമാലയുള്ള സ്വാഹിലിഭാഷയും ഇംഗ്ലീഷുമാണ്‌ കെനിയയിലെ ഔദ്യോഗിക ഭാഷ. ഗികുയു ഗോത്രവര്‍ഗക്കാരില്‍ ധാരാളംപേര്‍ ഇന്നും ഗികുയു ഭാഷ സംസാരിക്കുന്നു. അതോടൊപ്പം കെനിയയിലെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷും സ്വാഹിലിയും.


ഭാഷയും സംസ്‌കാരവും
ഭാഷ ഒരു സാംസ്‌കാരിക ഉല്‌പന്നമാണ്‌. ഓരോ ഭാഷയും അതിന്റെ ജന്മദേശത്തെ സാംസ്‌കാരിക സവിശേഷതകളെ പ്രതിനിധാനം ചെയ്യുന്നു. മലയാളം എന്ന പദം നമ്മുടെ മാതൃഭാഷയെ മാത്രമല്ല കേരളം എന്ന ദേശത്തെയും (ഭൂമിമലയാളം, മലയാളക്കര) നമ്മുടെ സാംസ്‌കാരിക സമ്പത്തിനെയും സൂചിപ്പിക്കുന്നു. വിശ്വാസങ്ങള്‍, ആചാരാനുഷ്‌ഠാനങ്ങള്‍, കലാരീതികള്‍, വസ്‌ത്രധാരണ സമ്പ്രദായങ്ങള്‍, ഭക്ഷണശീലങ്ങള്‍, സാഹിത്യപാരമ്പര്യങ്ങള്‍ ഇവയിലെല്ലാം മലയാളത്തനിമ കാണാം. അധിനിവേശത്തിന്റെ ഫലമായി കെനിയയിലെ `ഗികുയു' എന്ന ഭാഷയോടൊപ്പം അവരുടെ തനതുപാരമ്പര്യ ഘടകങ്ങളെല്ലാം നാശോന്മുഖമായത്‌ `വാക്കിന്റെ കൂടെരിയുന്നു' എന്ന ലേഖനത്തില്‍ പ്രതിപാദിക്കുന്നു. 


ശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിലും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മാധ്യമം എന്ന നിലയിലും മാതൃഭാഷയ്‌ക്കുള്ള പ്രാധാന്യം വളരെ വലുതാണ്‌. എന്നാല്‍ മാതൃഭാഷയുടെ ഈ പ്രാധാന്യം മനസ്സിലാക്കാതെ മലയാളം സംസാരിക്കുന്നതുപോലും അപമാനകരമായി നാം കരുതുന്നു. മലയാളം സംസാരിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്ന കുട്ടികളും നമ്മുടെയിടയിലുണ്ട്‌. മാതൃഭാഷയ്‌ക്ക്‌ ഇത്രമാത്രം അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്‌ ഒരു പക്ഷേ മലയാളനാട്ടില്‍ മാത്രമായിരിക്കും. ഓരോ നാടിനും ഓരോ ഭാഷയുണ്ട്‌്‌. ആ ഭാഷ ആ നാടിന്റെ സംസ്‌കാരത്തിന്റെ പ്രതിനിധിയാണ്‌. മാതൃഭാഷ മറക്കുമ്പോള്‍ , അഥവാ മാതൃഭാഷയെ ഉപേക്ഷിച്ച്‌ മറ്റു ഭാഷകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെത്തന്നെയാണ്‌ നാം മറന്നുകളയുന്നത്‌. നാം എന്താണ്‌ എന്ന തിരിച്ചറിവ്‌ അവിടെ നഷ്‌ടമാകുന്നു. പിറന്ന മണ്ണില്‍ നിന്ന്‌ അകന്ന്‌ വേരുകള്‍ നഷ്‌ടപ്പെട്ടവരായി മാറുന്നു.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷതാന്‍

എന്ന്‌ മഹാകവി വള്ളത്തോള്‍ പാടിയത്‌ മാതൃഭാഷയുടെ മഹത്വം ഉള്‍ക്കൊണ്ടാണ്‌. സ്വന്തം ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട്‌ മറ്റു ഭാഷകളെ വീക്ഷിക്കാനും പഠിക്കാനുമുള്ള ശ്രമമാണ്‌ നാം നടത്തേണ്ടത്‌. എങ്കിലേ ആത്‌മബോധമുള്ളവരായി വ്യക്തിത്വമുള്ളവരായി വളര്‍ന്നുവരാന്‍ നമുക്കാവൂ. മലയാളമണ്ണില്‍ നിന്ന്‌ മലയാളത്തിന്റെ ഗന്ധം നഷ്‌ടമായാല്‍ പിന്നെ മലയാളികളും മലയാളികളുടെ സംസ്‌കാരവും ഒന്നും ഉണ്ടാവില്ല. അതുകൊണ്ട്‌ എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്തുനില്‍ക്കാന്‍ നാം മാതൃഭാഷയില്‍ അടിയുറച്ച്‌ നിന്നേ മതിയാവൂ. കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച്‌ നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും നാം പരിശ്രമിക്കുകയും വേണം. 

3 comments:

  1. malayalam marakunna malayali tharumo? oru assignmentinu vendia chetta plzzzzzzzzzz

    ReplyDelete
    Replies
    1. മലയാളം മറക്കുന്ന മലയാളി വന്നു!

      Delete