Christmas Exam


Labour India Info World

Friday, 31 May 2013

Class IX Malayalam (അടിസ്‌ഥാന പാഠാവലി) Unit-1.1.അന്നവിചാരം

ആഹാരവുമായി ബന്ധപ്പെട്ട പഴഞ്ചൊല്‍ കഥ
മണമേറ്റ മീനിന്‌ ഓശ കേട്ട പണം
നമ്പൂതിരിയുടെ ഇല്ലത്തിനു തൊട്ടടുത്ത താമസക്കാരനായിരുന്നു മാത്തന്‍മാപ്പിള. മാത്തച്ചനു മീന്‍ കൂട്ടിയാലേ ഊണു കുശാലാവൂ. പച്ചമീന്‍ കിട്ടിയില്ലെങ്കില്‍ അങ്ങേര്‍ക്ക്‌ ഉണക്കമീനെങ്കിലും വേണം. അങ്ങനെ ഒരു ദിവസം കിട്ടിയ കുറെ ഉണക്കമീന്‍ മാത്തച്ചന്‍ എണ്ണയിലിട്ടു വറുത്തു. 



വറ മണം കാറ്റില്‍ പറന്നു നമ്പൂതിരിയുടെ മൂക്കിന്റെ പാലം തകര്‍ത്തു. അദ്ദേഹം കോപിച്ചു ചാടിയിറങ്ങി വന്ന്‌ ``മേലില്‍ തനിക്ക്‌ അനിഷ്‌ടകരമായ ആ പണി നടത്തിയാല്‍ മാനനഷ്‌ടത്തിനു കേസുകൊടു''ക്കുമെന്ന്‌ നാട്ടാര്‍ കേള്‍ക്കേ തട്ടി മൂളിച്ചു. മാത്തനും വിട്ടില്ല. അയാളും ഉടനെ വച്ചു കാച്ചി. തന്റെ മീനിന്റെ മണം തന്റെ അനുവാദമില്ലാതെ പിടിച്ചതിനു നഷ്‌ടപരിഹാരം അപ്പോള്‍ തന്നെ കിട്ടണമെന്നായി അയാള്‍. നാട്ടുകാര്‍ മാത്തന്റെ പക്ഷം ചേര്‍ന്നു. നമ്പൂതിരി വിഷമിച്ചു. അല്‌പനേരം ആലോചിച്ചിട്ട്‌ നമ്പൂതിരി ഇല്ലത്തേക്കു മടങ്ങി. ഒരു വലിയ സഞ്ചി നിറയെ നാണയങ്ങളുമായി മടങ്ങി വന്നു മാത്തന്റെ കാതിനടുത്ത്‌ ഉയര്‍ത്തിപ്പിടിച്ച്‌ അഞ്ചാറു തവണ കിലുക്കി. നാണയങ്ങളുടെ കിലുകിലെ ശബ്‌ദം എല്ലാവരും കേട്ടു. അപ്പോള്‍ നമ്പൂതിരി നാട്ടാര്‍ കേള്‍ക്കേ തട്ടി മൂളിച്ചു: ``മാത്തന്റെ മണമേറ്റ മീനിന്‌ ഇന്നാ പിടിച്ചോ ഓശ കേട്ട പണം.''
മീനിന്റെ മണം നമ്പൂതിരിക്കു കിട്ടിയതിനു പകരം പണത്തിന്റെ കിലുക്കം മാത്തനും കേട്ടില്ലേ? എന്താ പകരത്തിനു പകരമായില്ലേ? നാട്ടുകാര്‍ക്കും തൃപ്‌തിയായി.മാത്തനും മതിയായി. നമ്പൂതിരി ഇല്ലത്തേക്കു ഞെളിഞ്ഞുനടന്നു.

Class IX Malayalam (അടിസ്‌ഥാന പാഠാവലി) Unit-1. അന്നവിചാരം മുന്നവിചാരം


ദാരിദ്ര്യത്തിന്റെ ഭീകരമുഖം

ആഹാരം പാഴാക്കുമ്പോഴും ഭക്ഷണത്തിനു രുചിപോരെന്നു പറഞ്ഞ്‌ പഴിക്കുമ്പോഴും ആഫ്രിക്കന്‍ മരുഭൂമിയില്‍ പട്ടിണികൊണ്ട്‌ തളര്‍ന്നുവീണ ഈ പെണ്‍കുഞ്ഞിനെ ഓര്‍ക്കുക.
ആഫ്രിക്കന്‍രാജ്യമായ സുഡാനില്‍ 1993ല്‍ കടുത്തക്ഷാമം പടര്‍ന്നുപിടിച്ചു. ഐക്യരാഷ്‌ട്രസഭയുടെ വിമാനത്തില്‍നിന്ന്‌ താഴേക്കിടുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ജനങ്ങള്‍ തിരക്കുകൂട്ടുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കെവിന്‍ കാര്‍ട്ടറുടെ ദൃഷ്‌ടിയില്‍ മറ്റൊരു ദൃശ്യം പതിഞ്ഞു. ഭക്ഷണപ്പൊതിക്കുവേണ്ടി ഇഴഞ്ഞുനീങ്ങുന്ന ഒരു സുഡാനി പെണ്‍കുഞ്ഞ്‌. കുഞ്ഞിനെ റാഞ്ചാനായി ഒരു കഴുകന്‍ അവളുടെ സമീപത്തുണ്ട്‌. ഈ ദൃശ്യം കെവിന്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നെ കഴുകനെ ആട്ടിയോടിച്ചു. പിറ്റേദിവസത്തെ പത്രത്തില്‍ ഇൗ ചിത്രം പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്‌ വിലപ്പെട്ട സമ്മാനവും ഇൗ ചിത്രം നേടിക്കൊടുത്തു. എന്നാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം കെവിനെ വേട്ടയാടി. ഇതില്‍ മനംനൊന്ത്‌ അദ്ദേഹം തന്റെ ജീവിതം അവസാനിപ്പിച്ചു.

Class IX Malayalam Unit- 2. കാണെക്കാണെ

വൃദ്ധജനങ്ങള്‍ സമൂഹത്തിന്റെ സമ്പത്താണ്‌. എന്നാല്‍ ഇന്ന്‌ സമൂഹത്തില്‍ ഏറെ അവഗണന അനുഭവിക്കുന്നതും വൃദ്ധരാണ്‌. അവരുടെ കണ്ണീരൊപ്പാന്‍ നമുക്ക്‌ ശ്രമിക്കാം.

വൃദ്ധരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട്‌ മാതൃഭൂമി ദിനപത്രത്തില്‍ വന്ന എഡിറ്റോറിയല്‍ വായിച്ചുനോക്കൂ: 
(എഡിറ്റോറിയല്‍, മാതൃഭൂമി ദിനപ്പത്രം -2013 മെയ്‌31) 

Tuesday, 21 May 2013

Class X - അടിസ്‌ഥാന പാഠാവലി യൂണിറ്റ് I : വാക്കിന്‍െറ കൂടെരിയുന്നു

ആഫ്രിക്കന്‍രാജ്യമായ കെനിയയില്‍ ബാണ്ടു, നൈലോട്ടിക്‌ എന്നിങ്ങനെ രണ്ടു പ്രമുഖവിഭാഗങ്ങളിലായി എഴുപതുഗോത്രങ്ങളാണുള്ളത്‌. മൊത്തം ജനസംഖ്യയുടെ ഏതാണ്ട്‌ 22 ശതമാനവും വരുന്ന ഗികുയു വര്‍ഗക്കാരാണ്‌ ഏറ്റവും വലിയ ഗോത്രങ്ങളിലൊന്ന്‌. ഗികുയു എന്നുതന്നെയാണ്‌ ഇവരുടെ മാതൃഭാഷ അറിയപ്പെടുന്നത്‌.
1920 ലാണ്‌ ബ്രിട്ടീഷുകാര്‍ കെനിയയെ പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കിയത്‌. ഗികുയു വര്‍ഗക്കാരനായ കെനിയാറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളുടെ ഫലമായി 1963ല്‍ കെനിയ സ്വതന്ത്രമായി. കോളനി വാഴ്‌ചയുടെ കാലത്ത്‌ ഗികുയു ഭാഷയ്‌ക്കുണ്ടായ അപചയമാണ്‌ ഗൂഗി വാ തിഓംഗോയുടെ `വാക്കിന്റെ കൂടെരിയുന്നു' എന്ന പാഠഭാഗത്ത്‌ പരാമര്‍ശിക്കുന്നത്‌. റോമന്‍ അക്ഷരമാലയുള്ള സ്വാഹിലിഭാഷയും ഇംഗ്ലീഷുമാണ്‌ കെനിയയിലെ ഔദ്യോഗിക ഭാഷ. ഗികുയു ഗോത്രവര്‍ഗക്കാരില്‍ ധാരാളംപേര്‍ ഇന്നും ഗികുയു ഭാഷ സംസാരിക്കുന്നു. അതോടൊപ്പം കെനിയയിലെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷും സ്വാഹിലിയും.


ഭാഷയും സംസ്‌കാരവും
ഭാഷ ഒരു സാംസ്‌കാരിക ഉല്‌പന്നമാണ്‌. ഓരോ ഭാഷയും അതിന്റെ ജന്മദേശത്തെ സാംസ്‌കാരിക സവിശേഷതകളെ പ്രതിനിധാനം ചെയ്യുന്നു. മലയാളം എന്ന പദം നമ്മുടെ മാതൃഭാഷയെ മാത്രമല്ല കേരളം എന്ന ദേശത്തെയും (ഭൂമിമലയാളം, മലയാളക്കര) നമ്മുടെ സാംസ്‌കാരിക സമ്പത്തിനെയും സൂചിപ്പിക്കുന്നു. വിശ്വാസങ്ങള്‍, ആചാരാനുഷ്‌ഠാനങ്ങള്‍, കലാരീതികള്‍, വസ്‌ത്രധാരണ സമ്പ്രദായങ്ങള്‍, ഭക്ഷണശീലങ്ങള്‍, സാഹിത്യപാരമ്പര്യങ്ങള്‍ ഇവയിലെല്ലാം മലയാളത്തനിമ കാണാം. അധിനിവേശത്തിന്റെ ഫലമായി കെനിയയിലെ `ഗികുയു' എന്ന ഭാഷയോടൊപ്പം അവരുടെ തനതുപാരമ്പര്യ ഘടകങ്ങളെല്ലാം നാശോന്മുഖമായത്‌ `വാക്കിന്റെ കൂടെരിയുന്നു' എന്ന ലേഖനത്തില്‍ പ്രതിപാദിക്കുന്നു. 


ശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിലും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മാധ്യമം എന്ന നിലയിലും മാതൃഭാഷയ്‌ക്കുള്ള പ്രാധാന്യം വളരെ വലുതാണ്‌. എന്നാല്‍ മാതൃഭാഷയുടെ ഈ പ്രാധാന്യം മനസ്സിലാക്കാതെ മലയാളം സംസാരിക്കുന്നതുപോലും അപമാനകരമായി നാം കരുതുന്നു. മലയാളം സംസാരിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്ന കുട്ടികളും നമ്മുടെയിടയിലുണ്ട്‌. മാതൃഭാഷയ്‌ക്ക്‌ ഇത്രമാത്രം അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്‌ ഒരു പക്ഷേ മലയാളനാട്ടില്‍ മാത്രമായിരിക്കും. ഓരോ നാടിനും ഓരോ ഭാഷയുണ്ട്‌്‌. ആ ഭാഷ ആ നാടിന്റെ സംസ്‌കാരത്തിന്റെ പ്രതിനിധിയാണ്‌. മാതൃഭാഷ മറക്കുമ്പോള്‍ , അഥവാ മാതൃഭാഷയെ ഉപേക്ഷിച്ച്‌ മറ്റു ഭാഷകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെത്തന്നെയാണ്‌ നാം മറന്നുകളയുന്നത്‌. നാം എന്താണ്‌ എന്ന തിരിച്ചറിവ്‌ അവിടെ നഷ്‌ടമാകുന്നു. പിറന്ന മണ്ണില്‍ നിന്ന്‌ അകന്ന്‌ വേരുകള്‍ നഷ്‌ടപ്പെട്ടവരായി മാറുന്നു.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷതാന്‍

എന്ന്‌ മഹാകവി വള്ളത്തോള്‍ പാടിയത്‌ മാതൃഭാഷയുടെ മഹത്വം ഉള്‍ക്കൊണ്ടാണ്‌. സ്വന്തം ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട്‌ മറ്റു ഭാഷകളെ വീക്ഷിക്കാനും പഠിക്കാനുമുള്ള ശ്രമമാണ്‌ നാം നടത്തേണ്ടത്‌. എങ്കിലേ ആത്‌മബോധമുള്ളവരായി വ്യക്തിത്വമുള്ളവരായി വളര്‍ന്നുവരാന്‍ നമുക്കാവൂ. മലയാളമണ്ണില്‍ നിന്ന്‌ മലയാളത്തിന്റെ ഗന്ധം നഷ്‌ടമായാല്‍ പിന്നെ മലയാളികളും മലയാളികളുടെ സംസ്‌കാരവും ഒന്നും ഉണ്ടാവില്ല. അതുകൊണ്ട്‌ എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്തുനില്‍ക്കാന്‍ നാം മാതൃഭാഷയില്‍ അടിയുറച്ച്‌ നിന്നേ മതിയാവൂ. കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച്‌ നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും നാം പരിശ്രമിക്കുകയും വേണം. 

Class X - കേരള പാഠാവലി യൂണിറ്റ് II : സാഹിത്യത്തിലെ സ്‌ത്രീ

സ്‌ത്രീവിമോചനം എങ്ങനെ?
കേരളത്തില്‍ വൈകുന്നേരമായാല്‍ പിന്നെ എല്ലാ വീടുകളിലും ടി.വി കണ്ണുതുറക്കും. സന്ധ്യമുതല്‍ തുടങ്ങും സീരിയലുകള്‍. എല്ലാറ്റിലുമുണ്ടാകും ഒരു ദുഃഖപുത്രി. കണ്ണുനീര്‍ ഒഴുക്കി, കഷ്‌ടപ്പാടുകള്‍ സഹിച്ച്‌, ക്ഷമിച്ച്‌, സങ്കടപ്പെട്ട്‌ എന്നിട്ടും എല്ലാവരേയും സ്‌നേഹിച്ച്‌, രക്ഷിച്ച്‌, ഭൂമിദേവിയെ തോല്‌പിക്കുന്ന ക്ഷമ പ്രദര്‍ശിപ്പിച്ച്‌ കാണികളുടെ സഹാനുഭൂതി പിടിച്ചുവാങ്ങുന്ന നായികമാര്‍. അവരെക്കണ്ട്‌ കണ്ണീരൊഴുക്കാന്‍ ടിവിക്കുമുന്നില്‍ കൂടുന്നവരില്‍ കൂടുതലും സ്‌ത്രീകളാണ്‌!
അപ്പോള്‍ ദുഃഖപുത്രിമാരെ സൃഷ്‌ടിച്ച്‌ വായനക്കാരെ രസിപ്പിച്ച്‌ തങ്ങളുടെ രചനകളെ വിജയിപ്പിക്കുകയെന്ന പഴയതന്ത്രം ഇന്നും നിലനില്‍ക്കുന്നു എന്നല്ലേ കാണിക്കുന്നത്‌? ദമയന്തിയെയും സാവിത്രിയേയുമൊക്കെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനിടെ ദുഃഖപുത്രിമാരെ അവതരിപ്പിക്കുന്ന പൈങ്കിളി സീരിയലിനെപ്പറ്റിയും ചര്‍ച്ച ചെയ്‌തോളൂ.
ഈ ദുഃഖപുത്രിമാരെ സൃഷ്‌ടിക്കല്‍ വെറുമൊരു ടെക്‌നിക്കുമാത്രമാണ്‌. അവര്‍ വഴി സമൂഹത്തെ നന്നാക്കാനോ സ്‌ത്രീകളുടെ നില മെച്ചപ്പെടുത്താനോ ഒരിക്കലും സാധ്യമല്ല. സാവിത്രിയുടെ കഥ വായിച്ച ഏതെങ്കിലും സ്‌ത്രീ സ്‌ത്രീവിമോചനത്തിനു യത്‌നിച്ചിട്ടുണ്ടോ? ഏതെങ്കിലും പുരുഷന്‍ സ്‌ത്രീയെ കൂടുതല്‍ സ്വതന്ത്രയാക്കാന്‍ തയാറായിട്ടുണ്ടോ?
സ്‌ത്രീക്കു വിമോചനം കിട്ടാന്‍ ഒറ്റവഴിയേ ഉള്ളൂ. അറിവുനേടുക. സാമ്പത്തികമായ സ്വാതന്ത്ര്യം സമ്പാദിക്കുക, ആത്‌മവിശ്വാസമുണ്ടാക്കുക, ധീരയാകുക, സ്വയം വിമോചിപ്പിക്കുക. പാശ്‌ചാത്യരാജ്യങ്ങളിലെ സ്‌ത്രീകള്‍ ഒരളവുവരെ ഈ സ്വാതന്ത്ര്യം സമ്പാദിച്ചിട്ടുണ്ട്‌. അവരുടെ മുഖത്ത്‌ തെളിഞ്ഞുകാണുന്ന ആത്‌മവിശ്വാസം എന്നെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്‌. പുരുഷന്‌ തന്നേക്കാള്‍ എന്തെങ്കിലും കേമമുണ്ട്‌ എന്ന്‌ വിശ്വസിക്കാത്ത എത്രയോ സ്‌ത്രീകളെ അവിടെ എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്‌!
ശാസ്‌ത്രീയമായി ചിന്തിച്ചാല്‍ സ്‌ത്രീക്കും പുരുഷനും ഒരേതരം മസ്‌തിഷ്‌കമാണ്‌. ഒരേ കഴിവാണ്‌. സമൂഹത്തിന്‌ ഒരുപോലെ സംഭാവന ചെയ്യാന്‍ കഴിവുള്ളവരുമാണ്‌. ആ സത്യം സ്‌ത്രീ സ്വയം കണ്ടെത്തി തനിക്ക്‌ അവകാശപ്പെട്ട സമത്വം പിടിച്ചുവാങ്ങിയാല്‍ മാത്രമേ സ്‌ത്രീവിമോചനം യാഥാര്‍ത്ഥ്യമാകൂ.
പ്രൊഫ. എസ്‌. ശിവദാസ്‌ 

പെണ്‍കാലം 
ഋഗ്വേദനാഗരികതയില്‍ സ്‌ത്രീകളുടെ പദവി പുരുഷന്മാര്‍ക്കൊപ്പമായിരുന്നു. പുരുഷന്മാരെപ്പോലെതന്നെ സ്‌ത്രീകള്‍ വിദ്യ അഭ്യസിക്കുകയും ബ്രഹ്മചര്യം ആചരിക്കുകയും ചെയ്‌തുപോന്നു. അവരെ ഉപനയനവും കഴിപ്പിച്ചിരുന്നു. കൂടാതെ അവര്‍ വേദങ്ങള്‍ പഠിക്കുകയും വേദസ്‌തോത്രങ്ങള്‍ രചിക്കുകയും ചെയ്‌തു. ഉപനിഷത്തുകളുടെ കാലത്ത്‌ ഗാര്‍ഗിയെയും മൈത്രേയിയെയുംപോലെയുള്ള സ്‌ത്രീഋഷികള്‍ ഉണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക്‌ സ്വത്തുടമസ്‌ഥത ലഭിച്ചുവെന്നുമാത്രമല്ല വിധവകള്‍ക്ക്‌ പുനര്‍വിവാഹം ചെയ്യുന്നതിനുള്ള അവകാശവുമുണ്ടായിരുന്നു. അവര്‍ അധ്യാപകരാകുകയും ചെയ്‌തു.ശെശവവിവാഹം അക്കാലത്ത്‌ അജ്ഞാതമായിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യം അനുവദിച്ചുപോന്നു.അവര്‍തന്നെയാണ്‌ അവരുടെ വിവാഹങ്ങള്‍ നിശ്ചയിച്ചത്‌. ഭാര്യ ബഹുമാന്യമായ ഒരു സ്‌ഥാനം അലങ്കരിക്കുകയും ഭര്‍ത്താവിനോടൊപ്പം മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്‌തു.ഋഗ്വേദകാലത്ത്‌ സ്‌ത്രീകള്‍ക്കുണ്ടായിരുന്ന സ്‌ഥാനം വേദകാലത്തുതന്നെ അനന്തരഘട്ടങ്ങളില്‍ ക്ഷയിച്ചു. മകള്‍ ജനിക്കുന്നത്‌ ശാപമായി കണക്കാക്കാന്‍ തുടങ്ങി. പക്ഷേ പൊതുജീവിതത്തില്‍ പങ്കുചേരാനുള്ള സ്‌ത്രീകളുടെ സ്വാതന്ത്ര്യം തുടര്‍ന്നു. പിന്തുടര്‍ച്ചാവകാശവും സ്വത്തുടമസ്‌ഥതയും അവര്‍ക്കു നിഷേധിക്കപ്പെട്ടു (ശൂദ്രന്മാരെപ്പോലെ). സ്‌ത്രീകളുടെ സമ്പാദ്യംപോലും അവരുടെ ഭര്‍ത്താക്കന്മാരുടെയും പുത്രന്മാരുടെയും സ്വത്തായിത്തീര്‍ന്നു.ഏതായാലും സ്‌ത്രീകള്‍ തുടര്‍ന്നും ഉപനയനം കഴിക്കുകയും വിദ്യ അഭ്യസിക്കുകയും അധ്യാപികമാരായി പണിയെടുക്കുകയും ചെയ്‌തു പോന്നു.എ.ഡി 700നും 1206 നും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള വിവാഹബന്ധം അജ്ഞാതമായിരുന്നില്ല. ബുദ്ധന്‍െറ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നില്ല. അവര്‍ പൊതുജീവിതത്തില്‍ സജീവപങ്ക്‌ വഹിച്ചു. എന്നാല്‍ വേദപഠനത്തിനുള്ള അവകാശം അവര്‍ക്കില്ലായിരുന്നു. സ്‌ത്രീകളുടെ സ്‌ഥിതി യഥാര്‍ഥത്തില്‍ അധഃപതിച്ചത്‌ ഗുപ്‌തകാലഘട്ടത്തിലാണ്‌. ഇക്കാലത്ത്‌
സ്‌ത്രീധനം ഒരു ഏര്‍പ്പാടായി ഉയര്‍ന്നുവന്നു.വിധവകള്‍ക്ക്‌ പുനര്‍വിവാഹം നിഷിദ്ധമായി. കഠിനവ്രതങ്ങളിലും നിഷ്‌ഠകളിലും മുഴുകി അവര്‍ക്ക്‌ ശിഷ്‌ടജീവിതം തള്ളിനീക്കേണ്ടിവന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ഥാവരസ്വത്തിന്മേല്‍ അവകാശമില്ലായിരുന്നു. ഏ.ഡി.ഏഴാംനൂറ്റാണ്ടോടുകൂടി സതി പ്രചാരത്തില്‍ വന്നു.ഇക്കാലത്തുപോലും ചില സ്‌ത്രീകള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിക്കുകയുണ്ടായി. ഏ.ഡി.1206നും 1761നും ഇടയ്‌ക്കുള്ള കാലത്ത്‌ സ്‌ത്രീകളുടെ സ്‌ഥിതി കൂടുതല്‍ മോശമായി. ഇൗ ഘട്ടത്തില്‍ സ്‌ത്രീകളുടെ സ്‌ഥിതിയെ ബാധിച്ചിരുന്ന മുഖ്യസാമൂഹികദുരാചാരങ്ങള്‍ പെണ്‍കുഞ്ഞുങ്ങളെ കൊലചെയ്യല്‍, ശൈശവവിവാഹം, പര്‍ദ, സതി, അടിമത്തം എന്നീസമ്പ്രദായങ്ങളായിരുന്നു.  
കടപ്പാട്‌: ഭാരതീയസമൂഹം. പ്രസിദ്ധീകരണം : കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ 

ഹാര്‍ഡിയുടെ ടെസ്സ്‌

തോമസ്‌ ഹാര്‍ഡിയുടെ മാസ്‌റ്റര്‍പീസ്‌ എന്നു വിശേഷിപ്പിക്കാവുന്ന ടെസ്‌ ഓഫ്‌ ദ ഡ്യൂബ്‌ര്‍വില്‍സ്‌ എന്ന നോവ ലിലെ നായികയാണ്‌ ടെസ്‌. ലോകസാഹിത്യത്തില്‍ത്തന്നെ അവിസ്‌മരണീയമായ സ്‌ഥാനം നേടിയ ഈ ദുരന്തനായിക ഒരു സധാരണ ഗ്രാമീണകുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയാണ്‌്‌. സാമ്പത്തികത്തകര്‍ച്ചയാണ്‌ ഒരു ബന്ധുവിന്‍െറ കൃഷിയിടത്തില്‍ ജോലിക്കുപോകാന്‍ അവള്‍ക്ക്‌ പ്രേരണയായത്‌.അരക്ഷിതത്വവും പ്രതിരോധിക്കാനുള്ള ശേഷിയില്ലായ്‌മയും അവളെ ഭയപ്പെടുത്തി. എങ്കിലും പുരുഷാക്രമണങ്ങളെ തടയാന്‍ അവള്‍ക്കു സാധിച്ചു. ഒടുവില്‍ അവള്‍ പരാജിതയാവുകയും ഫാമിലെ യുവാവിനാല്‍ കീഴ്‌പ്പെടുത്തപ്പെടുകയുമാണ്‌. തുടര്‍ന്ന്‌ അവള്‍ അമ്മയാകുന്നു.


തോമസ്‌ ഹാര്‍ഡി
നാളുകള്‍ക്കുശേഷം കുഞ്ഞ്‌ മരിക്കുകയും ചെയ്യുന്നു. ഇതിനുശേഷമാണ്‌ ക്ലയര്‍ എന്നയാളുമായി അവളുടെ വിവാഹം ഉറപ്പിക്കുന്നത്‌. നിഷ്‌കളങ്കയായ അവള്‍ തന്‍െറ ദുരനുഭവങ്ങള്‍ വിവരിച്ച്‌ ഒരു കത്തെഴുതി പ്രതിശ്രുതവരന്‍െറ വീട്ടില്‍ നിക്ഷേപിച്ചെങ്കിലും അയാളതു കാണുന്നില്ല.വിവാഹശേഷം സത്യങ്ങളെല്ലാം തുറന്നുപറയാന്‍ അവള്‍ ധൈര്യം കാണിച്ചു. അതോടെ അവളെ ഉപേക്ഷിച്ച്‌ അയാള്‍ നാടുവിട്ടു. ഇൗ സന്ദര്‍ഭത്തില്‍ ആദ്യം അവളെ നശിപ്പിച്ചവന്‍ വിവാഹാഭ്യര്‍ഥനയുമായി വരുന്നു. ആശ്രയമറ്റ അവള്‍ അയാളോടൊപ്പം കഴിഞ്ഞുവരവെ ഭര്‍ത്താവ്‌ തിരികെയെത്തുന്നു. തടസ്സം നിന്ന ആദ്യപുരുഷനെ അവള്‍ കുത്തിക്കൊല്ലുന്നു. അങ്ങനെ വധശിക്ഷ ഏറ്റുവാങ്ങാനായിരുന്നു അവളുടെ വിധി.

Monday, 13 May 2013

Class V Unit-1സ്‌നേഹം താന്‍ ശക്തി

കൂട്ടുചേര്‍ന്ന്‌ കുടുംബത്തിലേക്ക്‌
ആരോടും കൂട്ടുകൂടാതെ ഏറെ നേരം ഒറ്റയ്‌ക്കിരിക്കുന്നതിനെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ. ചിന്തിക്കാന്‍ പോലുമാകില്ല അല്ലേ. മറ്റാരുടെയും സഹായമില്ലാതെ നമുക്ക്‌ ഒരിക്കലും ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ്‌ ആദിമകാലം മുതലേ മനുഷ്യന്‍ കൂട്ടമായി ജീവിച്ചുപോന്നത്‌. ഫലമൂലാദികള്‍ ശേഖരിച്ചും പക്ഷിമൃഗാദികളെ വേട്ടയാടിയും മനുഷ്യന്‍ ആഹാരസമ്പാദനം നടത്തിയിരുന്ന കാലത്ത്‌ കുടുംബം എന്നൊന്ന്‌ ഉണ്ടായിരുന്നില്ല എന്നു പറയാം. ഉപജീവനത്തിനായി കൃഷിപ്പണികള്‍ ആരംഭിച്ചതോടെയാണ്‌
മനുഷ്യന്‌ സ്ഥിരമായ വാസസ്ഥലങ്ങളും ജീവിതക്രമങ്ങളും ഉണ്ടായത്‌. ഇതോടെ കുടുംബമായി ജീവിക്കുക എന്ന രീതി ഉടലെടുത്തു. വ്യക്തിയെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി കുടുംബമാണ്‌. വ്യക്തികള്‍ക്ക്‌ ശാരീരികവും മാനസികവുമായ സുരക്ഷിതത്വവും സംതൃപ്‌തിയും പകര്‍ന്നുനല്‍കാന്‍ കുടുംബത്തിനു കഴിയും. ഭാഷ, സാമൂഹ്യമര്യാദകള്‍, മൂല്യങ്ങള്‍,തൊഴില്‍, ജീവിതശൈലി തുടങ്ങി നിരവധികാര്യങ്ങള്‍ വ്യക്തികള്‍ മനസ്സിലാക്കുന്നതും കുടുംബങ്ങളില്‍ നിന്നാണ്‌.

Class V Unit-1 Chapter-1.പൊന്നോമനയ്‌ക്കായി

ഇമ്മിണി വല്യകുടുംബവും ചെറിയ കുടുംബവും
വളരെക്കുറച്ച്‌ അംഗങ്ങള്‍ ഉളളതും വളരെകൂടുതല്‍ അംഗങ്ങള്‍ ഉളളതുമായ കുടുംബങ്ങള്‍ ഉണ്ട്‌. ഭാര്യയും ഭര്‍ത്താവും അവരുടെ കുട്ടികളും ചേര്‍ന്നതാണ്‌ അണുകുടുംബം (nuclear family). മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍, വിദ്യാഭ്യാസസാധ്യത, സ്വത്ത്‌ മക്കള്‍ക്കു മാത്രമായി നല്‍കപ്പെടുന്നു തുടങ്ങിയ ഗുണങ്ങള്‍ അണുകുടുംബത്തിനുണ്ട്‌. എന്നാല്‍ സ്വാര്‍ത്ഥത, മൂല്യശോഷണം, ലാഭക്കൊതി തുടങ്ങിയ ദോഷങ്ങളും ഈ വ്യവസ്ഥിതിക്കുണ്ട്‌. കൂട്ടുകുടുംബത്തിന്റെ അധികാരം പിതൃസ്ഥാനീയനായ ഏറ്റവും മൂത്ത അംഗത്തിനാണ്‌. ഒന്നിലധികം ചെറുകുടുംബങ്ങള്‍ ഉള്‍പ്പെട്ട വലിയൊരു കുടുംബം എന്ന്‌ കൂട്ടുകുടുംബത്തെ നിര്‍വചിക്കാം. ചുരുങ്ങിയത്‌ മൂന്നു തലമുറകളിലെ ആളുകളെങ്കിലും ഒന്നിച്ചുവസിക്കുന്നതാണ്‌ കൂട്ടുകുടുംബം.


Class VI Unit-1 Chapter-3 ഉപവസന്തം

ചക്കയും മാങ്ങയും പറങ്കിമാങ്ങയും
പ്രകൃതി ജീവജാലങ്ങള്‍ക്കു നല്‌കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ ഒന്നാണ്‌ ഫലവര്‍ഗങ്ങള്‍. അതത്‌ കാലാവസ്ഥയില്‍ ഏറ്റവും അനുയോജ്യമായ പോഷണവും ആരോഗ്യവും അവ പകര്‍ന്നു നല്‍കുന്നു. കുംഭം മുതല്‍ മിഥുനം വരെയുള്ള മാസങ്ങളില്‍ കേരളക്കരയില്‍ സമൃദ്ധമായി വിളയുന്ന പ്രധാന ഫലങ്ങളാണ്‌ ചക്കയും മാങ്ങയും പറങ്കിമാങ്ങയും.
ചക്ക 


ലോകത്തെ ഏറ്റവും വലിയ പഴമാണ്‌ ചക്കപ്പഴം. ഒരു കാലത്ത്‌ മലയാളിയുടെ വിശപ്പ്‌ മാറ്റിയിരുന്ന ഒരു പ്രധാന ഫലമായിരുന്നു ഇത്‌.
ഇന്ന്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാഴാക്കപ്പെടുന്ന ഫലങ്ങളിലൊന്നാണ്‌ ചക്ക. പതിനാലാംനൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായ മറിഹ്‌നൊള്ളി ചക്ക കണ്ട്‌ `ഒരാടിന്റെ മുഴുപ്പുള്ള ഫലം!' എന്ന്‌ അന്തംവിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഏതാണ്ട്‌ 54 ഇനത്തോളം പ്ലാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നുണ്ട്‌. പ്ലാവിന്റെ ശാസ്‌ത്രനാമം `ആര്‍ട്ടോകാര്‍പ്പസ്‌ ഹെട്ടരോഫിലസ്‌ (Artocarpus heterophyllus) എന്നാണ്‌. കുടുംബം മോറേസിയേ (moraceae). ഇംഗ്ലീഷില്‍ ജാക്ക്‌ ട്രീ എന്നും പറയുന്നു.
മാമ്പഴം 


പഴങ്ങളിലെ രാജാവാണ്‌ മാമ്പഴം. ഇന്ത്യയിലെ അസം ആണ്‌ മാവിന്റെ ജന്മദേശമെന്നറിയപ്പെടുന്നത്‌. ലോകത്തില്‍ ഏറ്റവുമധികം മാമ്പഴം ഉല്‌പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ.
അല്‍ഫോന്‍സ, പൈരി, നീലം, ബങ്കനപ്പള്ളി, മല്‍ഗോവ, സുവര്‍ണരേഖ, ലംഗര, ദുസെഹറി, ഗുലിബ്‌ ഖാസ്‌, കലെപ്പാടി, മുണ്ടപ്പ, ബാംഗളോറ തുടങ്ങി ഏതാണ്ട്‌ അഞ്ഞൂറിലധികം മാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നു. മാവിന്റെ ശാസ്‌ത്രനാമം - മാന്‍ജിഫെറ ഇന്‍ഡിക്ക (Mangifera indica). കുടുംബം അനകാര്‍ഡിയേസിയേ (Anacardiaceae).
കശുമാങ്ങ 


വേനല്‍ക്കാലത്ത്‌ ദാഹശമനത്തിനായും രോഗപ്രതിരോധശേഷിനല്‍കാനും പ്രകൃതിയൊരുക്കിയ മറ്റൊരു അത്ഭുത ഫലമാണ്‌ കശുമാങ്ങ. കശുമാങ്ങയ്‌ക്ക്‌ അത്യുഷ്‌ണകാലത്തുണ്ടാകാവുന്ന പല അസുഖങ്ങളെയും സുഖപ്പെടുത്തുവാനുള്ള ശക്തിയുണ്ട്‌. വിറ്റാമിന്‍ സി വേണ്ടുവോളമുള്ളതിനാല്‍ ഇത്‌ ശരീരത്തിന്‌ രോഗപ്രതിരോധശക്തി നല്‌കുകയും പകര്‍ച്ചവ്യാധികളെ ചെറുക്കുകയും ചെയ്യും. കശുമാവിന്റെ ജന്മദേശം ബ്രസീലാണ്‌. പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ചതുകൊണ്ട്‌ പറങ്കിമാങ്ങ എന്നും അറിയപ്പെടുന്നു. കശുമാവിന്റെ ശാസ്‌ത്രനാമം അനാകാര്‍ഡിയം ഓക്‌സിഡെന്‍ഡേല്‍ (Anacardium occidentale) എന്നാണ്‌. 

Class VI Unit-1 Chapter-2 ഹരിതം

പച്ചപ്പ്‌ ജീവന്റെ തുടിപ്പ്‌, പ്രത്യാശയുടെ പുലരിയും!
ഒരാള്‍ ചിരിച്ചാല്‍ മറ്റുള്ളവരെല്ലാം ചിരിക്കും. ഒരാള്‍ കരഞ്ഞാല്‍ മറ്റുള്ളവരും കരയും. ഒരാള്‍ക്ക്‌ വേദനിച്ചാല്‍ എല്ലാ വര്‍ക്കും വേദനിക്കും. അങ്ങനെയും ഒരു ലോകമോ! അതെ. അവിടെ എല്ലാവരു ടെയും ഹൃദയങ്ങള്‍ പരസ്‌പരം ബന്ധി ച്ചിരിക്കുന്നു! അദൃശ്യമായ, പക്ഷേ ശക്ത മായ ബന്ധം. അതിനാല്‍ ആ ലോകത്തെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും കൂടി ഒറ്റ ഹൃദയമാണ്‌! പ്രശസ്‌തമായ ഒരു സയന്‍സ്‌ ഫിക്‌ഷനിലെ സങ്കല്‌പമാണിത്‌. വാസ്‌ത വത്തില്‍ നമ്മുടെ ലോകവും ഇങ്ങനെ പരസ്‌പരം ബന്ധപ്പെട്ടതല്ലേ? അഥവാ അങ്ങനെയാകേണ്ടതല്ലേ?
സച്ചിദാനന്ദന്റെ `ഹരിതം' വായിച്ച്‌ ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ ആ സയന്‍സ്‌ഫിക്‌ഷന്‍ സങ്കല്‌പ മായിരുന്നു. ഒരു ഞരമ്പില്‍ പച്ചപ്പുണ്ട്‌ എന്നു പറയുന്ന ഇലയും ഒരു ഇല കൊഴിയാതുണ്ട്‌ എന്ന്‌ മന്ത്രിക്കുന്ന ചില്ലയും ഒരു മരം വെട്ടാതെയുണ്ട്‌ എന്ന്‌ രഹസ്യം പറയുന്ന കാടും എല്ലാം നശിച്ചാലും എല്ലാം പൂര്‍ണ്ണമായി നശിക്കില്ല എന്ന പ്രത്യാശയും മനോഹരമായ സങ്കല്‌പങ്ങളാണ്‌. എല്ലാം എത്ര മനോഹരമായി പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇലയും ചില്ലയും മരവും കാടും മലയും സൂര്യനും എല്ലാം പ്രകൃതിയെന്ന വലിയ വലയുടെ കണ്ണികള്‍ മാത്രം. സ്വാര്‍ത്ഥ ലാഭത്തിനായി എല്ലാം നശിപ്പിക്കുന്ന രാക്ഷസ ന്മാര്‍ എത്രയോ കാലമായി ഈ ലോകത്തെ ഇല്ലാതാക്കാന്‍ നോക്കുന്നു. എന്നാല്‍ ഭൂമിയിലെ പീഡിതരായ എല്ലാ ജീവജാലങ്ങളും വേദന കടിച്ചമര്‍ത്തി പ്രത്യാശയോടെ ഇന്നും ലോക ത്തെപ്പറ്റി ചിന്തിക്കുന്നു. ഒരു സൂര്യന്‍ കെടാതെ ഉണ്ട്‌. ഉണ്ട്‌. ഒരു കാട്‌...കാടില്ലെങ്കിലൊരു മരമെങ്കിലും. മരമില്ലെങ്കിലൊരുചില്ല. ചില്ലയില്ലെ ങ്കിലൊരു പച്ചില. അതുമില്ലെങ്കില്‍ അതിലൊരു പച്ചയായ ഞരമ്പെങ്കിലും കാണും. കാണും. പ്രത്യാശയുടെ പുലരിയില്‍ വേദ നിക്കുന്നവരുടെ പാട്ട്‌ ഉയരട്ടെ. പു ഴകള്‍ ആ പാട്ട്‌ ഏറ്റുപാടട്ടെ. പു തിയ മരവും കാ ടും പച്ചപ്പും ഭൂമി യിലുണ്ടാകട്ടെ. അത്തരമൊരു പുതുസൂര്യ നേയും പുത്തന്‍കാടിനേയും കുളിരി നേയും പുതുലോകത്തേയും സ്വപ്‌നം കണ്ട്‌ നമുക്ക്‌ ഒന്നായി നന്നായി പ്രവര്‍ത്തി ച്ചാല്‍ ഇവിടെ ഒരു സ്വര്‍ഗ്ഗം പടുത്തുയര്‍ ത്താന്‍ കഴിയുകയില്ലേ? പച്ചപ്പ്‌ പ്രത്യാശ
യാണ്‌. ജീവന്റെ പ്രതീകമാണ്‌. നമുക്ക്‌ അതിനെ പുല്‍കാം. പച്ചപ്പിന്റെ തുടിപ്പുള്ള മനസ്സുള്ളവരായി മാറാം. ഹരിതമെന്ന കവിത അതിനുള്ള പ്രചോദനമാകട്ടെ.

പ്രൊഫ.എസ്‌. ശിവദാസ്‌ 

പരിസ്ഥിതിക്കവിതകള്‍

ഒരു തൈ നടുമ്പോള്‍
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
നടുനിവര്‍ക്കാനൊരു
കുളുര്‍നിഴല്‍ നടുന്നൂ
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നൂ
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
മണ്ണിലും വിണ്ണിന്‍െറ
മാറിലെച്ചാന്തു തൊ-
ട്ടഞ്‌ജനമിടുന്നൂ
ഒരു വസന്തത്തിന്നു
വളര്‍പന്തല്‍ കെട്ടുവാ-
നൊരുകാല്‍ നടുന്നൂ
ഒരു തൈ നടുമ്പോള്‍
പല തൈ നടുന്നൂ
പല തൈ നടുന്നൂ,
പല തണല്‍ നടുന്നൂ.
- ഒ.എന്‍.വി. കുറുപ്പ്‌

കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്‌
കുഞ്ഞേ, മുലപ്പാല്‍ കുടിക്കരുത്‌
ധാത്രിതന്‍ മടിയില്‍ കിടക്കരുത്‌
മാറില്‍ തിമിര്‍ക്കരുത്‌
കുന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്‌
പൂവിന്‍െറ കണ്ണില്‍ നീ നോക്കരുത്‌
പൂതനാതന്ത്രം പുരണ്ടതാണെങ്ങും
കുഞ്ഞേ, ചിരിക്കരുത്‌
ചാടിക്കളിക്കരുത്‌
ചാടുരുളുന്നു നിന്‍ നേരെ
അസുരന്‍ മരിച്ചില്ല, പുകതുപ്പുമായിരം
ശകടങ്ങളായവന്‍ വീണ്ടും
കുഞ്ഞേ കുളിക്കരുത്‌
കാറ്റേറ്റു നില്‍ക്കരുത്‌
കാളിന്ദിയില്‍ കാളകൂടം
-കടമ്മനിട്ട

കാടെവിടെ മക്കളേ
കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടുപുല്‌ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകള്‍- പുലര്‍ന്ന പൂ-
ങ്കാവെവിടെ മക്കളേ?
പച്ചപ്പനന്തത്ത
പാടിക്കളിക്കുന്ന
പ്ലാവുകള്‍- മാവുകളു-
മെവിടെന്റെ മക്കളേ?
കുട്ടിക്കരിംകുയില്‍
കൂവിത്തിമര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച-
യെവിടെന്റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി
ദാഹനീര്‍ തേടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?
-അയ്യപ്പപ്പണിക്കര്‍

ClassVI Unit-1 വര്‍ണസുരഭിയാംഭൂമി

ഭൂമി പവിത്രമാണ്‌
1854-ല്‍ റെഡ്‌ ഇന്ത്യന്‍ തലവനായ സിയാറ്റിന്‍ മൂപ്പന്‍, അമേരിക്കന്‍ പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സിനയച്ച കത്ത്‌ പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാനരേഖയാണ്‌. അതില്‍ നിന്ന്‌ ഒരു ഭാഗം കൂട്ടുകാര്‍ വായിക്കൂ.


`നമ്മള്‍ ഈ ഭൂമിയുടെ ഭാഗമാണ്‌. ഭൂമി നമ്മുടെയും. ഇതിന്റെ ഓരോ ഭാഗവും പവിത്രമാണ്‌. സുഗന്ധമുള്ള പൂക്കള്‍ നമ്മുടെ സഹോദരികളാണ്‌. മാനും കുതി രയും പരുന്തും നമ്മുടെ സഹോദരങ്ങളു മാണ്‌. പുഴകളിലും തോടുകളിലും കൂടി ഒഴുകുന്ന തെളിഞ്ഞ വെള്ളം വെറും വെള്ളമല്ല, നമ്മുടെ പിതാക്കന്മാരുടെ രക്തമാണ്‌. വെള്ളം ഒഴുകുന്ന ശബ്ദം നമ്മുടെ പൂര്‍വികരുടെ ശബ്ദ മാണ്‌. വായു വിലപിടിച്ചതാണ്‌. കാരണം എല്ലാ ജീവജാലങ്ങളും ശ്വസിക്കുന്നത്‌ ഒരേ ശ്വാസ മാണ്‌. മൃഗങ്ങളും മരങ്ങളും മനുഷ്യരും എല്ലാം ശ്വസിക്കുന്നത്‌ ഒരേ വായുവാണ്‌. നിങ്ങളുടെ പാദങ്ങളുടെ അടിയിലുള്ള മണ്ണ്‌ നിങ്ങളുടെ പിതാമഹന്മാരുടെ അവശിഷ്ടമാണെന്ന്‌ കുട്ടിക ളെ പഠിപ്പിക്കണം. അങ്ങനെ അവര്‍ ഈ മണ്ണി നെ ബഹുമാനിക്കട്ടെ. ഭൂമി നമ്മുടെ അമ്മയാ ണ്‌. ഈ ഭൂമിക്ക്‌ സംഭവിക്കുന്നതെല്ലാം അവളുടെ മക്കള്‍ക്കും സംഭവിക്കും. മനുഷ്യന്‍ ഈ ഭൂമിയില്‍ തുപ്പിയാല്‍ അവന്‍ സ്വന്തം ശരീരത്തില്‍ തുപ്പുന്നതിനു തുല്യമാണ്‌. ഈ ഭൂമിയിലുള്ളതെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു.

Thursday, 9 May 2013

ClassVII Malayalam Unit-1. മനുഷ്യന്റെ കൈകള്‍

കൃഷിയുമായി ബന്ധപ്പെട്ട നാടന്‍പാട്ടുകള്‍
കിളപ്പാട്ടുകള്‍
നിങ്ങളുടെ നാട്ടിലിപ്പോള്‍
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?...''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
കാള പൂട്ടലാണെടോ!...''
``കാളപൂട്ടലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?''
(അവര്‍ കാളപൂട്ടുന്നതായി അഭിനയിക്കുന്നു)
``കാളപൂട്ടലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!''
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
കട്ടതല്ലലാണെടോ!...''
``കട്ടതല്ലലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?''
(അവര്‍ കട്ടതല്ലുന്നതായി അഭിനയിക്കുന്നു)
``കട്ടതല്ലലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!''
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
ഞാറു നടീലാണെടോ!''
``ഞാറുനടീലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?
(അവര്‍ ഞാറുനടുന്നതായി അഭിനയിക്കുന്നു)
``ഞാറുനടീലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!
പുഞ്ചപ്പാടത്തെ.....
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ


വിത്തിടീല്‍ പാട്ടുകള്‍
ഒന്നാം മലവെട്ടി ഒന്നര മലവെട്ടി
നിന്നുംകൊണ്ടൊത നാഴി തിന വിതച്ചേ
നാത്തൂന്‍മാരിരുവരും ചേട്ടത്തിമാരിരുവരും
തേങ്ങിത്തേങ്ങിനിന്നു തിന വിതച്ചേ
ഇക്കണ്ട തിനയെല്ലാം കിളിതിന്നു പോയപ്പം
നീയെങ്ങുപോയെടി കിളിക്കുറുമ്പേ
അക്കരെ പാണ്ട്യാനും ഞാനും കൂടിയങ്ങു
കിളിമാടം കെട്ടിക്കളിച്ചിരുന്നു.
ഒന്നാം മലകേറി....
ഒന്നാം മലകേറി
ച്ചെന്നപ്പോഴേകിളി
ഒന്നരവട്ടക തേനെടുത്തേ
തേനെടുത്താംകിളി
കതിരെടുത്താം കിളി
തേനും കൊണ്ടക്കിളി താലോലം
തങ്കത്തി തറുകത്തി
താലോലം കിളി
താലോലം കിളി താലോലം
തേക്കുപാട്ട്‌
തത്തന്നം തൈ തന്നം താരോ - തക
തിന്തിന്നം തിത്തെയ്യന്താരോ
കാന്താരിയമ്മച്ചി പണ്ടേ
പഞ്ചപാണ്ഡവന്മാരെ ചതിക്കാന്‍
തമ്പ്രതായങ്ങളും ചെയ്‌തേ
അതു ഞാനിങ്ങറിവെടി പാമേ
മക്കളേ ഭീമ ധര്‍മ്മജാ!
നിങ്ങളൊക്കെയുമുണ്ണാന്‍ വരിക
കാന്താരിയമ്മച്ചി വിഷംകൂട്ടി
ഒരു കൂട്ടം പലഹാരമുണ്ടാക്കി
അഞ്ചുപേര്‍ക്കങ്ങിരിപ്പാനായ്‌
അഞ്ചു തടുക്കുമങ്ങിട്ടു
സൂത്രശാലിയാകുന്നൊരാ ഭീമന്‍
അങ്ങു ചോറ്റീന്നു പറ്റിയടുത്തു
ഇട്ട തടുക്കുമിളക്കി
സൂത്രങ്ങളൊക്കെയറിഞ്ഞു
എന്തൊരു കൗശലമമ്മേ!
ഞങ്ങളെക്കൊല്ലാനോ ഭാവം നിനക്ക്‌?
പലഹാരമൊക്കെയെടുത്തു
ഓരോ ജന്തുക്കള്‍ക്കിട്ടു കൊടുത്തു
എല്ലാ മൃഗങ്ങളും ചത്തു
മൃത്തുതന്നെ കിടപ്പു
അന്നു കൊല്ലാനുമൊത്തില്ലവര്‍ക്ക്‌

ചക്രപ്പാട്ടുകള്‍
തൈതാത്ത തക തക തകത്തൈ- തകൂര്‍
തിത്തെയ്യം തകതൈ തകതാം
വാലിയെ ശ്രീരാമദേവന്‍
കുലചെയ്‌തൊരനന്തരം
വാഴിച്ചു സുഗ്രീവനേയും
താരയേയും കൂടെ
നാലുമാതം മലമീതേ
രാമചന്ദ്രനിരുന്നാറെ
നല്ലപോലെ കിഷ്‌കിന്ധയില്‍
വാണു സുഗ്രീവന്‍
അരോമല്‍പ്പെണ്ണാകുമെന്‍െറ
 ജാനകിയെ നിരൂപിച്ചു
അകതാരില്‍ വെന്തുരുകീ-
ട്ടിരുന്നു രാമന്‍.
അപ്പോഴേ വില്ലെടുത്താശു
തൊഴുതു രാമചന്ദ്രനും
അര്‍ക്കജനെ കൊല്‍വതിനു
നടന്നു മന്നന്‍.
വെറുത്ത പാവമെന്‍റുണ്ണീ!
കയര്‍ക്കണ്ടാ ഇതു കേള്‍ നീ
പേക്കുരങ്ങിനറിയാമോ
നമ്മുടെ കാര്യം?
പേടിപ്പിച്ചീടുക മാത്രം-
തന്നെയാവിക്കുരങ്ങിനെ
പേപറഞ്ഞീടണം പിന്നെ
കൈയെടുക്കല്ലേ

പൊലിപ്പാട്ട്‌
ഇല്ലം നെറ നെറ വല്ലം നെറ നെറ
ഇല്ലം നെറ നെറ നെറപൊലിയേ
എന്‍റുണ്ണിത്തമ്പുരാന്‍െറ പാടത്ത്‌ പണിയെടുത്തേ
പൊന്‍കതിര്‌ വരുന്നുണ്ടേ തമ്പുരാനേ...
എന്‍റുണ്ണിത്തമ്പുരാന്‍ മേലേവരമ്പൂടെ
കീഴേവരമ്പൂടെ വരവുണ്ടാവോ...
എന്‍റുണ്ണിത്തമ്പുരാന്‍െ പൊന്‍കതിരിലെ നെല്‍മണി
നെല്‍മണിലോശോമേ നെല്‍മണിലോശേ...
എന്‍റുണ്ണിത്തമ്പുരാന്‍െറ പത്തായം നെറയട്ടേ
വെള്ളിയെടങ്ങാഴീം പൊന്‍പറേം നെറയട്ടെ
പടിക്കല്‍പണിയണ ചാത്തന്‍ ചെറുമനും
കാളിച്ചെറുമിയും നിറച്ചിടുന്നേ...
വല്ലീം വിത്തും കൊണ്ട്‌ പത്തായത്തിലിട്ടിട്ട്‌
നെല്ല്‌നിറയ്‌ക്കുന്നേയ്‌ തമ്പുരാനേ..
എന്‍റുണ്ണിത്തമ്പുരാന്‍െറ കന്നും തൊഴുത്തോളും
മക്കളും കുട്ട്യോളും നെറഞ്ഞിടട്ടേ...
ഇല്ലം നെറ നെറ വല്ലം നെറ നെറ
പത്തായം നെറ നെറ നെറപൊലിയേ...

നെല്ലുകുത്തുപാട്ട്‌
കുന്താണിയിലെ കുഞ്ഞിപ്പെണ്ണവള്‍
കുന്നോളം നെല്ലിട്ടു കുത്ത്വോലോ
കുന്നോളം നെല്ലിട്ടു കുത്തീടുമ്പോള്‍
കുഞ്ഞിപ്പെണ്ണവള്‍ മൂള്വോലോ
മൂളിക്കുത്തിയ നെല്ലില്‍നിന്നൊരു
മുന്നാഴി പൊന്നരി പൊങ്ങിക്കണ്ടാല്‍
പുന്നാരമുത്തു ചിരിക്ക്വോലോ
പുന്നാരമുത്തു ചിരിച്ചു വിളമ്പിയ
കഞ്ഞിക്കും ചിരി പൊട്ട്വോലോ
കഞ്ഞികുടിച്ചെഴുന്നേറ്റിട്ടെന്നുടെ
കുഞ്ഞന്‍ കന്നിനെ നോക്ക്വോലോ
കന്നിനു നന്നായ്‌ തവിടുകലക്കി
കഞ്ഞി തിളപ്പിച്ചു കാട്ട്വോലോ
കഞ്ഞി തിളപ്പിച്ചു കാട്ട്യാല്‍ കന്നുകള്‍
കണ്ടത്തില്‍ ചാടിതിമര്‍ക്കൂലോ