Christmas Exam


Labour India Info World

Monday, 1 July 2013

Class IX Malayalam(കേരള പാഠാവലി Unit-3സൃഷ്‌ടിശക്തികള്‍ ഞങ്ങള്‍) Chapter-2.മോഡേണ്‍ ടൈംസ്‌ - ആധുനികകാലത്തിന്റെ ഉല്‍ക്കണ്‌ഠകള്‍

ചാര്‍ലി ചാപ്ലിന്‍


1889 ഏപ്രില്‍ 16-ന്‌ ലണ്ടനില്‍ ജനിച്ചു. 1901-ല്‍ അച്ഛന്‍ മരിച്ചതോടെ അമ്മയെയും സഹോദരന്‍ സിഡ്‌നിയെയും നോക്കേണ്ട ബാധ്യത പത്തുവയസ്സുകാരനായ ചാര്‍ലിക്കായി. സ്‌കൂള്‍പഠനം അതോടെ നിര്‍ത്തി തെരുവിലേക്കിറങ്ങി. വിനോദശാലകളില്‍ പാട്ടു പാടിയും കോമാളിവേഷങ്ങള്‍ കെട്ടിയും നിത്യവൃത്തിക്കു പണം കണ്ടെത്തി. സഹോദരന്‍ സിഡ്‌നി ചാപ്ലിനും ചാര്‍ലിക്കൊപ്പമുണ്ടായിരുന്നു.
1913 നവംബറില്‍ ചാര്‍ലി ചാപ്ലിന്‍ ആദ്യമായി മൂവിക്യാമറയ്‌ക്കു മുന്നിലെത്തി. മാര്‍ക്ക്‌ സെന്നറ്റ്‌ & കീസ്‌റ്റോണ്‍ ഫിലിം കമ്പനിക്കു വേണ്ടിയായിരുന്നു അത്‌. `മേക്കിങ്‌ എ ലിവിങ്‌' (1914) എന്ന ആദ്യചിത്രംതന്നെ ചാപ്ലിനെ ജനപ്രിയനാക്കി. 35 സിനിമകളിലാണ്‌ 1914-ല്‍ ചാപ്ലിന്‍ കീസ്‌റ്റോണിനുവേണ്ടി അഭിനയിച്ചത്‌. അവയില്‍ പകുതിയും അദ്ദേഹം തന്നെ എഴുതി സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചവയായിരുന്നു. `കിഡ്‌ ഓട്ടോ റേസസ്‌ അറ്റ്‌ വെനീസ്‌' എന്ന ചിത്രത്തിലാണ്‌ ചാപ്ലിന്‍ ആദ്യമായി തെണ്ടിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. 1918-ല്‍ ചാപ്ലിന്‍ സ്വന്തം സ്‌റ്റുഡിയോ ആരംഭിച്ചു. അടുത്തവര്‍ഷം `യുണൈറ്റഡ്‌ ആര്‍ട്ടിസ്‌റ്റ്‌സ്‌' എന്ന ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനം തുടങ്ങി.



1927-ല്‍ സംസാരിക്കുന്ന ചലച്ചിത്രങ്ങള്‍ രംഗത്തെത്തിയെങ്കിലും ചാപ്ലിന്‍ നിശ്ശബ്‌ദസിനിമയില്‍ ഉറച്ചുനിന്നു. ഒടുവില്‍ ശബ്‌ദചിത്രത്തിലേക്കു തിരിഞ്ഞു. നിശ്ശബ്‌ദകാലഘട്ടത്തിലെ ചാപ്ലിന്‍ ചിത്രങ്ങളില്‍ഏറ്റവും മികച്ചവ `എ ഡോഗ്‌സ്‌ ലൈഫ്‌' (1918), `ദ കിഡ്‌' (1921), `ദ ഗോള്‍ഡ്‌ റഷ്‌' (1925), `സിറ്റി ലൈറ്റ്‌സ്‌' (1931), `ദ മോഡേണ്‍ ടൈംസ്‌' (1936) എന്നിവയാണ്‌. `ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍' (1940), മോണ്‍സ്യോര്‍ വെര്‍ദോ' (1947), ലൈംലൈറ്റ്‌ (1952), `എ കിങ്‌ ഇന്‍ ന്യൂയോര്‍ക്ക്‌' (1957), `എ കൗണ്ടസ്‌ ഫ്രം ഹോങ്കോങ്‌' (1967) എന്നിവയാണ്‌ ചാപ്ലിന്റെ
ശബ്‌ദചിത്രങ്ങള്‍. അദ്ദേഹം തന്നെയാണ്‌ എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്‌തതും. 1964-ല്‍ ചാപ്ലിന്‍ ആത്‌മകഥയായ `മൈ ഓട്ടോബയോഗ്രഫി' പ്രസിദ്ധീകരിച്ചു. 1972-ല്‍ ചാപ്ലിന്‌ സ്‌പെഷ്യല്‍ ഓസ്‌കര്‍ സമ്മാനിക്കപ്പെട്ടു. 1975-ല്‍ ബ്രിട്ടനില്‍നിന്നു സര്‍ സ്ഥാനവും ലഭിച്ചു. 1977 ഡിസംബര്‍ 25-ന്‌ അന്തരിച്ചു. 

ദീര്‍ഘദര്‍ശിയായ കൊമേഡിയന്‍
ചാര്‍ലിചാപ്ലിന്‍ എത്ര ദീര്‍ഘവീക്ഷണമുള്ള വ്യക്‌തിയായിരുന്നു എന്ന്‌ മനസ്സിലാക്കണമെങ്കില്‍ മോഡേണ്‍ ടൈംസ്‌ എന്ന നിശബ്‌ദ സിനിമ കാണണം. ചിത്രം തുടങ്ങുന്നത്‌ സ്‌ക്രീന്‍ നിറഞ്ഞുനില്‍ക്കുന്ന വലിയ ഒരു ടൈംപീസില്‍ സൂപ്പര്‍ ഇംപോസ്‌ ചെയ്യപ്പെട്ട ടൈട്ടിലുകള്‍ കാണിച്ചുകൊണ്ടാണ്‌. ആധുനിക ഘട്ടത്തില്‍ `സമയം' ഒരു കൊലയാളിയുടെ റോളാണ്‌ നല്‍കുന്നതെന്ന സന്ദേശം നല്‍കുന്ന ചിത്രം തുടങ്ങുന്നത്‌ ഒരു ഫാക്‌ടറി ഉടമ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടിവിയിലൂടെ ഫാക്‌ടറിക്കകത്ത്‌ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയുടെയും ജോലിയെ നിരീക്ഷിക്കുന്നതിലൂടെയാണ്‌. ഇപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ മണലാരണ്യങ്ങളില്‍ പൊരിവെയിലത്ത്‌ പണിയെടുക്കുന്നവരെ അറബി തന്റെ എ.സി. റൂമിലിരുന്ന്‌ ക്ലോസ്‌ഡ്‌ ടിവിയിലൂടെ നിരീക്ഷിക്കുന്ന കാര്യമോര്‍ക്കുക. ടിവി പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലത്താണ്‌ ചാപ്ലിന്‍ ഇൗ സിനിമ എടുത്തത്‌ എന്ന്‌ ഓര്‍ക്കുക. 1930-കളില്‍ തന്നെ ചാപ്ലിന്‍ ഈ ലോകത്ത്‌ അധിനിവേശശക്തികള്‍ ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയേയും അതോടൊപ്പം ശാസ്‌ത്രം വികസിക്കുന്നതോടെ നേട്ടങ്ങളോടൊപ്പം അവ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതയെയും കുറിച്ച്‌ ബോധവാനായിരുന്നെന്നു വേണം കരുതാന്‍. 

No comments:

Post a Comment