Christmas Exam


Labour India Info World

Monday, 10 June 2013

Class VII Malayalam Unit-2അതിനുമപ്പുറം Chapters-1ആള്‍രൂപങ്ങള്‍

ഇച്ഛാശക്തി നല്‍കിയ കരുത്ത്‌

തോമസ്‌ കൊറ്റോടത്തിനെ അറിയുമോ? അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയിട്ടും പതറാതെ ജീവിതം വെല്ലുവിളിയാക്കി സ്വന്തമായൊരു സംരംഭം വിജയിപ്പിച്ച അസാധാരണ വ്യക്തിത്വത്തിനുടമയാണ്‌ ഈ കുറുപ്പന്തറ സ്വദേശി. 24-ാം വയസ്സിലാണ്‌ തോമസ് കൊറ്റോടത്തിന് വിധിയുടെ ക്രൂരമായ പ്രഹരമേറ്റത്. അരയ്ക്ക് കീഴ്‌പ്പോട്ട് പൂര്‍ണമായും തളര്‍ന്നുപോയ തോമസിനെ ചികിത്സകളൊന്നും തുണച്ചില്ല. ശരീരം തോറ്റപ്പോഴും മനസ്സ് പിടിച്ചുനിന്നു. 
ആര്‍ക്കും ഭാരമാവാതെ ജീവിക്കണമെന്ന ഇച്ഛാശക്തിയാണ്‌ തോമസിന്‌ കരുത്തേകിയത്‌. കോട്ടയം അതിരൂപതയുടെ കീഴിലുള്ള കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തോമസിന്റെ തുണയ്‌ക്കെത്തി. അവരുടെ സഹായത്തോടെ വീടിനോട് ചേര്‍ന്ന് ചെറിയൊരു പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങി. 12 വര്‍ഷം മുമ്പ് നന്നെ ചെറുതായി തുടങ്ങിയ യൂണിറ്റ് ഇപ്പോള്‍ തോമസിനും കുടുംബത്തിനും ജീവിക്കാന്‍ മതിയായ വരുമാനം നല്‍കുന്നു. 
വിവിധ തരം ഫയലുകള്‍, തൊപ്പികള്‍, ബാഗുകള്‍, കിറ്റുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഉല്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും വേണ്ടുവോളമുണ്ട്‌. തോമസിന്റെ യൂണിറ്റിലേക്ക് വേണ്ട ഉല്പന്നങ്ങള്‍ ഉണ്ടാക്കി സമീപത്തെ ചില വീട്ടുകാരും വരുമാനമുണ്ടാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലും തല്പരനായ തോമസ് ആ ലക്ഷ്യത്തോടെ  തുണിസഞ്ചികളും നിര്‍മ്മിച്ചുനല്‍കുന്നുണ്ട്‌. ഭാര്യ സിസിലിയും മക്കളായ സുധീപും സുനീഷും തോമസിന് എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ട്. എല്ലാറ്റിനും താങ്ങും തണലുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും.
പ്രസ്ഥാനം കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തോമസിനിപ്പോള്‍.  ഒരു സ്‌ക്രീന്‍ പ്രിന്റിങ് യൂണിറ്റാണ് തോമസിന്റെ മനസ്സില്‍. തോമസിന്റെ മോഹം സഫലമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉറപ്പുനല്‍കുന്നു. 
വൈകല്യം മൂലം ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ വലിയൊരു സന്ദേശമാണ്‌ തോമസിന്റെ ജീവിതം പകര്‍ന്നു നല്‍കുന്നത്‌. ഇച്ഛശക്തി ഉണ്ടെങ്കില്‍ എത്ര വലിയ വൈകല്യത്തെയും ജയിക്കാം എന്ന സന്ദേശം. 

No comments:

Post a Comment