Christmas Exam


Labour India Info World

Friday, 26 April 2013

Class IX - കേരള പാഠാവലി യൂണിറ്റ് I : വസുധൈവ കുടുംബകം

പ്രൊഫ.എസ്‌.ശിവദാസ്‌ 
ഭാരതത്തിലെ ജ്ഞാനികളായ മഹര്‍ഷിമാര്‍ ലോകത്തിനു നല്‍കിയ അമൃതാണ്‌ വസുധൈവകുടുംബകം' എന്നആശയം. കോടിക്കണക്കിനു നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നിറഞ്ഞ ഈ മഹാപ്രപഞ്ചത്തില്‍ ജീവന്റെ ആനന്ദനൃത്തം നടന്നുകൊണ്ടിരിക്കുന്ന ഒരേയൊരു ഗ്രഹമാണ്‌ ഭൂമി. ഭൂമിയില്‍ ആദ്യം ജീവന്റെ ചലനമില്ലായിരുന്നു. പിന്നെ ഒരുനാള്‍ ഏകകോശജീവികള്‍ ഇവിടെ ഉണ്ടായി. അവ പരിണമിച്ചു. ബഹുകോശജീവികളുണ്ടായി. അങ്ങനെ ജീവന്റെ പുതിയ പുതിയ മാതൃകകള്‍ ഉണ്ടായി. പരിണമിച്ചു. അവസാനം മനുഷ്യനുമുണ്ടായി.
മനുഷ്യന്‍ സൃഷ്‌ടിയുടെ ഏറ്റവും ഉയര്‍ന്ന രൂപമാണ്‌ എന്ന്‌ മനുഷ്യന്‍ കരുതുന്നു. ജൈവപിരമിഡിന്റെ ഏറ്റവും മുകളില്‍ നില്‌ക്കുകയാണ്‌ മനുഷ്യന്‍. എന്നാല്‍ ആ അത്‌ഭുതകരമായ, അതിസങ്കീര്‍ണ്ണമായ ജൈവപിരമിഡിനെ താങ്ങിനിര്‍ത്തുന്ന ലക്ഷക്കണക്കിനു ജീവജാതികളുണ്ട്‌. അവയെല്ലാം മനുഷ്യന്റെ സഹോദരങ്ങള്‍തന്നെ. ഭൂമിയിലെ ജൈവകുടുംബത്തിലെ അംഗങ്ങള്‍തന്നെ. ലോകമെന്ന ജീവന്റെ തറവാട്ടിലെ അംഗങ്ങള്‍തന്നെ. `മൈക്രോബു' മുതല്‍ `മാന്‍' (മനുഷ്യന്‍) വരെ ഒരേ തറവാട്ടിലെ അംഗങ്ങളാണ്‌. നിസ്സാരരെന്നു ചില മനുഷ്യര്‍ കരുതുന്ന മൈക്രോബുകള്‍ ഇല്ലാതായാല്‍ മനുഷ്യരും നശിക്കും. മനുഷ്യന്റെ നിലനില്‌പ്‌ മൈക്രോബിന്റെയും കൂടി നിലനില്‌പിലാണ്‌.
അതറിഞ്ഞ ജ്ഞാനിയായിരുന്നു കണ്വന്‍. തന്റെ വളര്‍ത്തുമകളായ ശകുന്തളയേയും ആശ്രമത്തിലെ അന്തേവാസികളായ മാനുകളേയും മുല്ലവള്ളിയേയുമൊക്കെ ആ ജ്ഞാനി സ്വന്തം മക്കളായി കണ്ടു. മഹാജീവകുടുംബത്തെ മനസ്സില്‍ ഉള്‍ക്കൊണ്ട മഹാകവിയായിരുന്നു കാളിദാസന്‍. മുല്ലവള്ളിയേയും മാന്‍കിടാവിനേയും സ്‌നേഹിച്ച ശകുന്തളയും ജീവലോകത്തിന്റെ മഹത്വമറിഞ്ഞവളായിരുന്നു. നാമിന്നു ഭൂമിയോളം വളരണമെന്നു പാടുന്ന ഒ.എന്‍.വി.ക്കുമുണ്ട്‌ ഈ വിശ്വമാനവവീക്ഷണം. ജി.ശങ്കരക്കുറുപ്പിന്റെ `സൂര്യകാന്തി' പ്രപഞ്ചത്തിലെ ഓരോ കണ്ണിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകാത്‌മകമായ അവതരണമാണ്‌. സൂര്യനെ സ്‌നേഹിക്കുന്ന സൂര്യകാന്തിയെ സൂര്യന്‍ തിരിച്ചറിയുന്നു. ചെറുതും വലുതുമായ ജീവജാലങ്ങള്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സൂചനയാണ്‌ ശങ്കരക്കുറുപ്പ്‌ നല്‍കുന്നത്‌. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും ഒരു ചങ്ങലയിലെ കണ്ണികളാണ്‌. ഈ ബന്ധം ഭൗതികം മാത്രല്ല, ആത്‌മീയവുമാണ്‌ എന്നാണ്‌ ജി.ശങ്കരക്കുറുപ്പ്‌ സൂചിപ്പിക്കുന്നത്‌.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ `ഭൂമിയുടെ അവകാശികള്‍' പുതിയൊരു ജൈവസദാചാരം പ്രഖ്യാപിക്കുന്ന കഥയാണ്‌. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ്‌ എന്നു പ്രഖ്യാപിക്കുന്നതിലൂടെ ബഷീര്‍ മനുഷ്യന്റെ അഹങ്കാരത്തിന്റെ കുമിള കുത്തിപ്പൊട്ടിക്കുന്നു. മഹത്തായ സമത്വചിന്തയാണ്‌ ബഷീര്‍ അവതരിപ്പിക്കുന്നത്‌. ഭൂമിയിലെ ജീവജാലങ്ങള്‍ ഇണങ്ങിക്കഴിഞ്ഞില്ലെങ്കില്‍ നമുക്കു നിലനില്‌ക്കാന്‍ കഴിയില്ല എന്ന സത്യമാണ്‌ അദ്ദേഹം വിളിച്ചുപറയുന്നത്‌.
ഭൂമിയെന്ന കുടുംബം ഒന്നാണ്‌. അതില്‍ സര്‍വചരാചരങ്ങളും അംഗങ്ങളാണ്‌. കാളിദാസനും ഒ.എന്‍.വിയും ജി.ശങ്കരക്കുറുപ്പും ബഷീറും ഈ സത്യമാണ്‌ അവതരിപ്പിക്കുന്നത്‌. എല്ലാം ഒന്നുചേര്‍ന്നു നില്‍ക്കുമ്പോഴാണ്‌ പ്രപഞ്ചജീവിതമാകുന്ന സംഗീതം മനോഹരമാകുന്നത്‌. ഒരു തന്ത്രി മുറിഞ്ഞാല്‍ അപശബ്‌ദങ്ങളുണ്ടാകും എന്ന്‌ ഓര്‍ക്കുക.



അറിയുക:
എല്ലാ ജീവജാലങ്ങളും പരസ്‌പരം 
ബന്ധപ്പെട്ടുകിടക്കുന്ന 
ഒരു മാന്ത്രിക വലയാണ്‌ ജീവലോകം. 

മനുഷ്യനും ആ വലയിലെ ഒരു കണ്ണിമാത്രം. 
മുല്ലവള്ളിയും മാന്‍കിടാവും എല്ലാം അതിലെ 
കണ്ണികള്‍തന്നെ. മുല്ലവള്ളിയേയും മാന്‍കിടാവിനേയും 
മയിലിനേയും കുയിലിനേയും തുളസിയേയും എല്ലാം തന്റെ സഹോദരങ്ങള്‍ 
തന്നെയെന്നറിഞ്ഞ്‌ അവയെ രക്ഷിക്കാന്‍ തയാറാകുമ്പോള്‍ മനുഷ്യന്‍
 ഭൂമിയോളം വളരുന്നു. മനുഷ്യന്‍ ജൈവവൈവിധ്യത്തിന്റെ രക്ഷകനാകുന്നു. 
സ്വയം രക്ഷിക്കുന്നു. `വസുധൈവ കുടുംബകം' എന്ന മന്ത്രം ഉള്‍ക്കൊള്ളുന്നു. 


വസുധൈവ കുടുംബകം ശ്ലോകവും വ്യാഖ്യാനവും
മഹോപനിഷത്തിലെ 71, 72 ശ്ലോകങ്ങളിലാണ്‌ ലോകം ഒരു കുടുംബമാണ്‌ എന്ന ദര്‍ശനം അവതരിപ്പിച്ചിട്ടുള്ളത്‌. ഈ ശ്ലോകങ്ങളും അവയ്‌ക്ക്‌ പ്രശസ്‌ത സംസ്‌കൃത പണ്ഡിതന്‍ കെ.വി. ജോസഫ്‌ നല്‍കിയ വ്യാഖ്യാനവും താഴെ നല്‍കുന്നു.

ശ്ലോകങ്ങള്‍

``അന്തൈര്‍ വൈരാഗ്യമാദായ ബഹിരാശോന്മുഖേഹിതഃ
അയം ബന്ധുരയം നേതി ഗണനാ ലഘു ചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം
ഭാവാഭാവവിനിര്‍മുക്തം ജരാമരണവര്‍ജിതം''
വ്യാഖ്യാനം
ഇത്‌ എന്റേത്‌ ഇത്‌ അന്യന്റേത്‌ എന്ന കണക്കുകൂട്ടല്‍ നിസ്സാരമനസ്സ്‌ ഉള്ളവരുടേതാണ്‌. ശ്രേഷ്‌ഠസ്വഭാവമുള്ളവര്‍ക്കാണെങ്കില്‍ ഈ ഭൂമിതന്നെ ഒരു കുടുംബമാണ്‌. ആ വീക്ഷണം രാഗദ്വേഷങ്ങള്‍ ഇല്ലാത്തതും ജരയും മരണവും ഇല്ലാത്തതുമാണ്‌. 

`ഭൂമിഗീതങ്ങള്‍' എഴുതാനുണ്ടായ സാഹചര്യം എന്താണ്‌? 
`ഞാന്‍ എന്റെ കൊച്ചുമകള്‍ക്കുവേണ്ടി എഴുതിയതാണ്‌ ഈ കവിതാശകലം. മഹാകവി ടാഗൂറിന്റെ വിശ്വദര്‍ശനത്തിലാണ്‌ ഞാന്‍ വിശ്വമാനവനെന്ന ആശയം കണ്ടെത്തിയത്‌. ആ ആശയം ഉള്ളില്‍ നിന്ന്‌ കവിതയായി ഒഴുകിയതാണ്‌ ഭൂമിഗീതങ്ങളായി ത്തീര്‍ന്നത്‌. മനുഷ്യന്‍ അവന്റെ മാനുഷികഭാവങ്ങളില്‍ എത്ര മാത്രം ഉയരുന്നുവോ അത്രമാത്രം അവന്‍ വളരുന്നു. അങ്ങനെയാണ്‌ അവന്‍ ഭൂമിയോളം വളരുന്നത്‌, വലുതാകുന്നത്‌, വിശ്വമാനവികതയിലേക്കെത്തുന്നത്‌.'
മഹാകവി ടാഗൂര്‍ വേദോപനിഷത്തുകളില്‍ നിന്ന്‌ ആശയം ഉള്‍ക്കൊണ്ട്‌ കവിതകള്‍ രചിച്ചിട്ടുള്ള മഹാകവിയാ ണല്ലോ. അദ്ദേഹത്തിന്റെ വിശ്വദര്‍ശനം മനുഷ്യസ്‌നേ ഹിയും പ്രകൃതിസ്‌നേഹിയുമായ നമ്മുടെ പ്രിയപ്പെട്ട കവി ഒ.എന്‍.വിയെ സ്വാധീനിച്ചത്‌ സ്വാഭാവികമല്ലേ. 

Wednesday, 10 April 2013

Class X - കേരള പാഠാവലി യൂണിറ്റ് I : മുരിഞ്ഞപ്പേരീം ചോറും

വിദൂഷകന്‍
സംസ്‌കൃതനാടകങ്ങളില്‍ നായകന്റെ ചങ്ങാതിയായി വരുന്ന കഥാപാത്രമാണ്‌ വിദൂഷകന്‍. രാജാവിനെ വിനോദിപ്പിക്ക ലാണ്‌ വിദൂഷകന്റെ ദൗത്യം. 
കൂടിയാട്ടത്തിലെ വിദൂഷകന്‍
സുഭദ്രാധനഞ്‌ജയം നാലാം ദിവസമാണ്‌ വിദൂഷകന്റെ പുറപ്പാട്‌. ആദ്യം അണിയറയില്‍ നിന്ന്‌
`ഭോ ഭോ ഭയവന്തോ മഹേസിണോ
ഭിക്‌ഖം ദേധ ഭിക്‌ഖം ദേധ'
എന്ന പ്രാകൃതവാക്യം പറയുന്നതു കേള്‍ക്കാം. താമസമുണ്ടാവില്ല, നല്ലൊരു വിദൂഷകവേഷം ഒരു ചെറിയ നാക്കിലകൊണ്ട്‌ കുമ്പിള്‍ കുത്തിപ്പിടിച്ചു താണുകിഴിഞ്ഞ്‌ ഭിക്ഷ ചോദിച്ചുകൊണ്ട്‌ അരങ്ങത്തു പ്രവേശിക്കും. മുഖത്തും മാറത്തും കൈകളിന്മേലും അരിമാവുപൂശി, നെറ്റി, മൂക്ക്‌, കവിള്‍, താടി, മാറ്‌, കൈകള്‍ ഇവിടെയെല്ലാം ചുവന്ന പൊട്ടുകള്‍ തൊട്ട്‌ , കണ്‍പോളയടക്കം മഷിയെഴുതി വാലിട്ട്‌, മേല്‍ക്കൊമ്പും കീഴ്‌ക്കൊമ്പുമായി മീശവച്ച്‌, കുടുമ, വാസികം, പീലിപ്പട്ടം, ചെവിപ്പൂവ്‌ ഇവ ധരിച്ച്‌, ചെവികളിലൊന്നില്‍ തെച്ചിമാലയും മറ്റതില്‍ വെറ്റിലച്ചുരുളുമണിഞ്ഞ്‌, മാറ്റുമടക്കി പൃഷ്‌ഠം കനപ്പിച്ചുടുത്ത്‌, കടിസൂത്രംകെട്ടി, ഉത്തരീയവുമായി ഹാസ്യരസം തുളുമ്പുന്ന നല്ലൊരു വിദൂഷകവേഷം! രംഗത്തു മുഴുവന്‍ പര്‍ണശാലകളാണെന്ന സങ്കല്‍പ്പത്തില്‍ ഓരോ ഭാഗത്തും ചെന്നു മാറിമാറി ഭിക്ഷ യാചിക്കലും ഒന്നും കിട്ടാതെ നിരാശനാവലുമാണ്‌ ആദ്യം. പിന്നെ ആ നടന്‍ `ചാരി' എന്നു പറയുന്ന ഒരുതരം നൃത്തമാടി വിദൂഷകസ്‌തോഭം നടിക്കാന്‍ തുടങ്ങുന്നു. എന്തോ വായിലിട്ടുപോക്കിത്തിന്നുന്നതായി നടിക്കുക, പൂണൂല്‍ തുടയ്‌ക്കുക, കുടുമ വേര്‍പെടുത്തുക, ഉത്തരീയം മടക്കിപ്പിഴിഞ്ഞു സര്‍വാംഗം വീശുക, ഇങ്ങനെ ചിലത്‌ കാണിച്ച്‌ ഉത്തരീയാന്തംകൊണ്ട്‌ മുഖം മറച്ചുപിടിച്ചു പരമ്പരയാ ചെയ്‌തു വരാറുള്ള ജപം നിര്‍വഹിച്ചുകഴിഞ്ഞാല്‍പ്പിന്നെ `തസ്‌മൈ നമ: കര്‍മണേ' എന്നു തുടങ്ങുകയായി. `ബ്രഹ്മ യേനാ കുലാലവന്നിയമിതാ: എന്ന പദ്യത്തിന്റെ അര്‍ത്ഥം വിസ്‌തരിച്ചു വ്യാഖ്യാനിക്കലാണ്‌ ആദ്യത്തെ ചടങ്ങ്‌. മലയാളത്തില്‍ തന്നെയാണ്‌ വിദൂഷകന്റെ വ്യാഖ്യാനമെല്ലാം. കൂടിയാട്ടത്തില്‍ വിദൂഷകന്‍ മാത്രമേ മലയാളം സംസാരിക്കുന്നതായിട്ടുള്ളൂ. നായകന്റെ ഭാഷ സംസ്‌കൃതവും നായികയുടേതു പ്രാകൃതവുമാണ്‌.