Christmas Exam


Labour India Info World

Wednesday 23 January 2013

Class X - കേരള പാഠാവലി യൂണിറ്റ് I : കാലിലാലോലം ചിലമ്പുമായ്

അധ്യായം I :  ചെറുതായില്ല ചെറുപ്പം

രംഗാവതരണത്തില്‍ ഏറ്റവും മികച്ച ആട്ടക്കഥകളില്‍ പ്രഥമസ്ഥാനമാണ് ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയ്ക്കുള്ളത്. നാലുഭാഗങ്ങളായി തിരിച്ചിട്ടുള്ള നളചരിതം ആട്ടക്കഥയിലെ ഒന്നാം ദിവസത്തില്‍ നിന്നെടുത്ത ഒരു ഭാഗമാണ്   ചെറുതായില്ല ചെറുപ്പം. ഈ സന്ദര്‍ഭം ഉള്‍പ്പെട്ട ഒരു വീഡിയോ കാണൂ.

നളചരിതം ആട്ടക്കഥ ഒന്നാം ദിവസം


കേരളത്തിലെ ക്ലാസിക്‌ ദൃശ്യകലകളില്‍ 
കഥകളിയുടെ സ്ഥാനം.

കഥകളിയുടെ ഉത്‌ഭവചരിത്രം - 17, 18 നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ചിരുന്ന കൊട്ടാരക്കര തമ്പുരാനാണ്‌ ഈ ദൃശ്യകലയ്‌ക്ക്‌ രൂപം നല്‍കിയതെന്ന്‌ കരുതപ്പെടുന്നു. കഥകളിയുടെ ആദിരൂപമായി കരുതുന്ന രാമനാട്ടത്തിന്റെ രചയിതാവാണ്‌ കൊട്ടാരക്കര തമ്പുരാന്‍. ഇദ്ദേഹം മാനവേദസാമൂതിരിയുടെ കൃഷ്‌ണനാട്ടത്തെപ്പറ്റി കേട്ടറിഞ്ഞ്‌ ഒരിക്കല്‍ കൃഷ്‌ണനാട്ടസംഘത്തെ തന്റെ നാട്ടിലേക്കു ക്ഷണിച്ചു. കൃഷ്‌ണനാട്ടം കണ്ടു രസിക്കാന്‍ പ്രാപ്‌തിയുള്ളവര്‍ തെക്കില്ലെന്നു പറഞ്ഞ്‌ സാമൂതിരി ക്ഷണം നിരസിച്ചു. ഇതില്‍ അമര്‍ഷംപൂണ്ട കൊട്ടാരക്കര തമ്പുരാന്‍ കൃഷ്‌ണനാട്ടത്തിനു പകരം രാമായണകഥ അഭിനയത്തിനു യോജിച്ചവിധം നിര്‍മിച്ചു. ഇത്‌ പിന്നീട്‌ പലവിധ പരിഷ്‌കാരങ്ങള്‍ക്കും വിപുലീകരണത്തിനും വിധേയമായി ഇന്നത്തെ കഥകളിയായിത്തീര്‍ന്നു.


കഥകളിസംഗീതവും കഥകളിവാദ്യങ്ങളും 

കഥകളിയില്‍ വാചികാഭിനയത്തിനു പകരമായിട്ടാണ്‌ കഥകളിസംഗീതം ഉപയോഗിക്കുന്നത്‌. ഇത്‌ ഭാവപ്രധാനമാണ്‌. സംഗീതത്തിനല്ല പ്രാധാന്യം. രണ്ടു പേരാണ്‌ പാടുന്നത്‌. മുന്‍പാട്ടുകാരനെ പൊന്നാനി എന്നും രണ്ടാംപാട്ടുകാരനെ ശിങ്കിടി എന്നും പറയുന്നു. ചെണ്ട, ചേങ്ങില, ശുദ്ധമദ്ദളം, ഇലത്താളം ഇവയാണ്‌ പ്രധാന കഥകളിവാദ്യങ്ങള്‍. ചിലയവസരങ്ങളില്‍ ഇടയ്‌ക്കയും ഉപയോഗിക്കാറുണ്ട്‌. 

  • കഥകളിച്ചടങ്ങുകള്‍
1. കേളികൊട്ട്‌ - ഇത്‌ സന്ധ്യയോടുകൂടി നടത്തുന്നു. കഥകളിയുടെ വാദ്യോപകരണങ്ങളായ ചെണ്ടയും മദ്ദളവും ചേങ്ങിലയും ഇലത്താളവുമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌.
2. അരങ്ങുകേളി (ശുദ്ധമദ്ദളം) - സന്ധ്യയ്‌ക്ക്‌ അരങ്ങത്ത്‌ വിളക്കുവയ്‌ക്കുന്നു. അതിനുശേഷം ചെണ്ടയൊഴിച്ചുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച്‌ അരങ്ങുകേളി നടത്തുന്നു.
3. തോടയം - ഇത്‌ രംഗപൂജയാണ്‌. എല്ലാ നടന്മാരും തോടയം എടുത്തശേഷം മാത്രമേ താന്താങ്ങളുടെ വേഷം കെട്ടാന്‍ തുടങ്ങാവൂ എന്നാണ്‌ നിയമം. 
4. വന്ദനശ്ലോകം - തോടയം കഴിഞ്ഞാല്‍ പാട്ടുകാരായ പൊന്നാനിയും ശിങ്കിടിയും വന്ദനശ്ലോകം ചൊല്ലണം.
5. പുറപ്പാട്‌ - രണ്ട്‌ കുട്ടിത്തരം വേഷക്കാര്‍ രംഗത്തുവന്ന്‌ മേലാപ്പ്‌, ആലവട്ടം, വെഞ്ചാമരം, ശംഖനാദം എന്നിവയുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്നു.
6. മേളപ്പദം - ഗീതഗോവിന്ദത്തിലെ മഞ്‌ജുതര എന്ന ഗീതം ആലപിക്കുകയും മേളക്കാര്‍ അതിനു കൂടുകയും ചെയ്യുന്നു. ഈ ചടങ്ങിന്‌ `മഞ്‌ജുതര' എന്നുകൂടി പേരുണ്ട്‌.
7. കഥാരംഭം - മേളപ്പദം കഴിഞ്ഞാലുടനെ കഥ ആരംഭിക്കുകയായി.


  • കഥകളിവേഷങ്ങള്‍: കഥാപാത്രസ്വഭാവമനുസരിച്ചാണ്‌ കഥകളിയിലെ വേഷവിഭജനം. പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവ സത്വരജസ്‌തമോഗുണങ്ങളില്‍ ഒാരോ ഗുണത്തെ പ്രതിനിധീകരിക്കുന്നു. 
  • പച്ചവേഷങ്ങളെല്ലാം സത്വഗുണപ്രധാനങ്ങളാണ്‌. അവ സല്‍സ്വഭാവികളെ പ്രതിനിധീകരി ക്കുന്നു. ധര്‍മപുത്രര്‍, നളന്‍, ദക്ഷന്‍, ഭീമസേനന്‍, അര്‍ജുനന്‍ തുടങ്ങിയവര്‍ പച്ചവേഷങ്ങളി ല്‍പ്പെടുന്നു. 
  • നന്മയോടൊപ്പം തിന്മയും ഇടകലര്‍ന്ന രജോഗുണപ്രധാന കഥാപാത്രങ്ങളാണ്‌ കത്തി വേഷക്കാര്‍. ദുരേ്യാധനന്‍, 
  • കീചകന്‍, രാവണന്‍, നരകാസുരന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ കത്തിവേഷക്കാരാണ്‌. 
  • കരി ക്രൂരസ്വഭാവികളായ തമോഗുണകഥാപാത്രങ്ങളാണ്‌. ആണ്‍കരി, പെണ്‍കരി എന്ന്‌ രണ്ടു തരമുണ്ട്‌. കാട്ടാളന്‍ ആണ്‍കരിയും സിംഹിക, നക്രതുണ്ഡി, ശൂര്‍പ്പണഖ, പൂതന തുടങ്ങിയവ പെണ്‍കരിയുമാണ്‌.
  • താടി മൂന്നുവിധത്തിലുണ്ട്‌ - വെള്ള, കറുപ്പ്‌, ചുവപ്പ്‌. 
  • ചുവന്നതാടി തമോഗുണപ്രധാനികളും കറുത്തതാടി കിരാതന്മാരും കലിയെപ്പോലെയുള്ള ദുഷ്‌ടകഥാപാത്രങ്ങളും വെള്ളത്താടി സത്വഗുണപ്രധാനികളും. ദുശ്ശാസനന്‍, ത്രിഗര്‍ത്തന്‍, ബകന്‍ തുടങ്ങിയ വേഷങ്ങള്‍ ചുവന്നതാടിയും ഹനുമാന്‍ വെള്ളത്താടിയുമാണ്‌. സ്‌ത്രീവേഷ ങ്ങളും മഹര്‍ഷിമാരും മിനുക്കുവേഷക്കാരാണ്‌. 
കഥകളി വാദ്യങ്ങള്‍
  • ചെണ്ട


കഥകളിക്കുപയോഗിക്കുന്ന വാദ്യങ്ങളില്‍ സുപ്രധാനമാണ്‌ ചെണ്ട. 18 വാദ്യവും ചെണ്ടയ്‌ക്കു താഴെ എന്നൊരു പഴമൊഴി വരെയുണ്ട്‌. ചെണ്ട തനി കേരളീയ വാദ്യമാണ്‌. ദീര്‍ഘകാലത്തെ നിരന്തരമായ അഭ്യസനം കൊണ്ടു മാത്രമേ ചെണ്ടയില്‍ സാമാന്യ പരിചയം നേടാന്‍ സാധിക്കൂ. 
2 വര്‍ഷത്തെ നിരന്തരമായ അഭ്യസനത്തിലൂടെ മാത്രമേ തായമ്പക കൊട്ടാന്‍ കഴിയൂ. തായമ്പക വരെയുള്ള പഠനം ശാസ്‌ത്രീയമായി സിദ്ധിച്ചതിനു ശേഷമേ കഥകളി മേളത്തില്‍ പ്രവേശിക്കാന്‍ കഴിയൂ.
  • ചേങ്ങില


ലോഹങ്ങള്‍കൊണ്ടു നിര്‍മ്മിക്കുന്ന ഘനവാദ്യം എന്ന ഇനത്തില്‍ പെടുത്താവുന്നതാണ്‌ ചേങ്ങില. കഥകളിയില്‍ ചേങ്ങിലക്കാരനാണ്‌ യഥാര്‍ത്ഥ സൂത്രധാരന്‍. കഥകളിയിലെ രംഗകര്‍മ്മങ്ങള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട പൊന്നാനി ഭാഗവതരുടെ കൈയിലിരിക്കുന്ന ചേങ്ങിലയിലെ അടിയാണ്‌ കഥകളിരംഗത്ത്‌ സുപ്രധാനം. ചൊല്ലിയാടിക്കുന്നതും കലാശമിട്ടുകൊടുക്കുന്നതും അവസാനിപ്പിക്കുന്നതുമെല്ലാം ചേങ്ങിലക്കോലിന്‍െറ നിര്‍ദ്ദേശങ്ങളാണ്‌.
  • ഇലത്താളം

ഘനവാദ്യങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണിത്‌.
അഗ്‌നിയില്‍ ശുദ്ധിചെയ്‌ത വെങ്കലമാണ്‌ ഇതിനുപയോഗിക്കുന്നത്‌. വെങ്കലംകൊണ്ട്‌ വൃത്താകൃതി നിര്‍മ്മിക്കപ്പെട്ട രണ്ടു കട്ടകള്‍ ചേരുന്നതാണ്‌ ഇലത്താളം. രണ്ടിന്‍െറയും മധ്യത്തില്‍ ചരടുകോര്‍ത്ത്‌ ബന്ധിക്കത്തക്ക ദ്വാരമുണ്ടായിരിക്കണം. ഇലത്താളത്തിന്‌ കൈമണി എന്നും പറയും.
  • ശംഖ്‌

കഥകളിയില്‍ ഉപയോഗിക്കുന്ന വിവിധ വാദ്യങ്ങളില്‍ ഒന്നാണ്‌ ശംഖ്‌. കട്ടിയായ പുറന്തോടോടുകൂടിയ ഒരു ജീവിയാണ്‌ ശംഖ്‌. പുറന്തോടാണ്‌ ഊതുന്നതിന്‌ ഉപയോഗിക്കുന്നത്‌. ക്ഷേത്രങ്ങളിലെ പൂജാതികര്‍മ്മങ്ങള്‍ക്കു പുറമേ പ്രചീന കലകളായ കൂടിയാട്ടം കഥകളി എന്നിവയ്‌ക്കും ശംഖനാദം പതിവുണ്ട്‌. ശംഖൂതുമ്പോള്‍ ആദ്യം നേര്‍ത്ത ശബ്‌ദത്തില്‍ തുടങ്ങി ക്രമേണ ഛസ്ഥായിയിലെത്തി പിന്നെ മെല്ലെ നേര്‍ത്തുവന്ന്‌ ശബ്‌ദം പ്രകൃതിയില്‍ ലയിക്കണം എന്നതാണ്‌ തത്വം.
  • ശുദ്ധമദ്ദളം

ശബ്‌ദശുദ്ധിവരുത്തിയ മദ്ദളത്തിന്‌ ശുദ്ധമദ്ദളം എന്നു പറയുന്നു. പണ്ടു കഥകളിക്കും മറ്റും തൊപ്പിമദ്ദളമാണ്‌ ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ മദ്ദളവാദ്യത്തില്‍ വരുത്തിയ പരിഷ്‌കാരത്തിന്‍െറ ഫലമായി ഇന്ന്‌ നാം കേള്‍ക്കുന്ന വിധം ശബ്‌ദശുദ്ധി ലഭിച്ചിട്ടുള്ള ശുദ്ധമദ്ദളം അഥവാ വീരമദ്ദളം ഉപയോഗിക്കുന്നു. 

കഥകളി നടന്‍ കുടമാളൂര്‍ മുരളീകൃഷ്‌ണന്‍ ലേബര്‍ ഇന്‍ഡ്യക്ക്‌ നല്‍കിയ അഭിമുഖം 


കുടമാളൂര്‍ മുരളീകൃഷ്‌ണന്‍
സ്‌ത്രീവേഷങ്ങളിലൂടെ കഥകളിവേദിക്ക്‌ സുപരിചിതനായ കലാകാരനാണ്‌ കുടമാളൂര്‍ മുരളീകൃഷ്‌ണന്‍. പ്രശസ്‌ത കഥകളി ആചാര്യനായ കുടമാളൂര്‍ കരുണാകരന്‍നായരുടെ പൗത്രനും പ്രശസ്‌ത കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ പുത്രനാണ്‌ ഇദ്ദേഹം


  • നമ്മുടെ സാംസ്‌കാരിക ജീവിതത്തിലെ പൊന്‍തരികളായിരുന്ന കഥകളിയടക്കമുള്ള ക്ലാസിക്‌ കലകള്‍ പുതുതലമുറയ്‌ക്ക്‌ അന്യമാവുകയാണോ? എന്താണ്‌ വിലയിരുത്തല്‍?

നമ്മുടെ കുട്ടികള്‍ക്ക്‌ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. എല്ലാം അവര്‍ക്കു ചുറ്റുമുണ്ട്‌. അതിനെ തിരിച്ചറിയുകയും അതില്‍നിന്ന്‌ വേണ്ടതു സ്വീകരിക്കുകയുമാണ്‌ ചെയ്യേണ്ടത്‌. 

  • ക്ലാസിക്‌ കലകള്‍ വിദഗ്‌ധസംഘത്തിന്റെ ആസ്വാദനത്തിനുമാത്രം വഴങ്ങുന്നതുകൊണ്ടാണോ അതില്‍നിന്നും സാധാരണക്കാര്‍ അകന്നുപോകുന്നത്‌?

ഒരു പരിധിവരെ ശരിയാണ്‌. പക്ഷേ ഇന്നും ക്ഷേത്രങ്ങളിലും മറ്റും കഥകളി അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാരായ ധാരാളം പ്രേക്ഷകര്‍ എത്തുന്നുണ്ട്‌. സാധാരണക്കാരുമായി സംവദിക്കുന്ന കീചകവധം, കര്‍ണശപഥം, കിര്‍മ്മീരവധം, മണ്ണാത്തി തുടങ്ങിയ കഥകള്‍ അവതരിപ്പിച്ചാല്‍ അത്‌ ഏതുതരം പ്രേക്ഷകരെയും ആകര്‍ഷിക്കും. 

  • പന്ത്രണ്ടു വയസ്സിനു മുമ്പേ തുടങ്ങേണ്ട കഠിന പരിശീലനത്തിലൂടെയാണ്‌ ഒരു കഥകളി കലാകാരന്‍ രൂപംകൊള്ളുന്നത്‌. വേഗതയെ ഇഷ്‌ടപ്പെടുന്നവരാണ്‌ പുതുതലമുറ. അവരിലേക്ക്‌ ഇൗ കലാരൂപം എങ്ങനെ കൈമാറ്റം ചെയ്യപ്പെടാനാകും? 

കഥകളിപാഠങ്ങള്‍ കുട്ടികളിലേക്ക്‌ രസകരമായി എത്തിക്കുകയാണ്‌ ഏകമാര്‍ഗം. അഭിനയക്കളരിപോലുള്ളവ ഇതിനു സഹായകമാകും. കഥകളി ഒരിക്കലും വായിച്ചു മനസ്സിലാക്കേണ്ട കലയല്ല. കണ്ട്‌ മനസ്സിലാക്കേണ്ടതാണ്‌. അങ്ങനെയേ അതിന്റെ മഹത്വം തിരിച്ചറിയാന്‍ കഴിയൂ. അപ്പോള്‍ നാം ഇൗ കലയെ സ്‌നേഹിച്ചു തുടങ്ങും. നമുക്കു നഷ്‌ടപ്പെടുന്നതെന്താണെന്നു തിരിച്ചറിയും.

  • എത്ര വര്‍ഷമായി താങ്കള്‍ കഥക ളിരംഗത്ത്‌ പ്രവര്‍ത്തിക്കുന്നു?

6-ാം വയസ്സില്‍ മുത്തച്‌ഛന്റെ ഷഷ്‌ടിപൂര്‍ത്തി സ്‌മാരകമായി കുടമാളൂര്‍ കലാകേന്ദ്രത്തില്‍ തുടങ്ങിയതാണ്‌ കഥകളി അഭ്യസനം. പത്താംവയസ്സില്‍ അരങ്ങേറ്റം. അന്നു മുതല്‍ രംഗാവതരണം നടത്തിവരുന്നു.
  • ഏതു വേഷം ചെയ്യുന്നതാണ്‌ കൂടുതല്‍ ഇഷ്‌ടം?
സ്‌ത്രീവേഷം ചെയ്യുന്നതിനോടാണ്‌ കൂടുതല്‍ താല്‌പര്യം. മുത്തച്‌ഛനും അച്‌ഛനും സ്‌ത്രീവേഷം ചെയ്യുന്നതില്‍ പ്രമുഖരായിരുന്നു.
  • പുതുതലമുറയെ കഥകളിയില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ഒരു ഘടകം അതിന്റെ ദൈര്‍ഘ്യമല്ലേ? കഥകളി അവതരണത്തിന്റെ ദൈര്‍ഘ്യം കുറയ്‌ക്കാമോ?
കാലോചിതമായ മാറ്റങ്ങള്‍ കഥകളിയിലും വരുത്താം. ചടങ്ങുകള്‍ ഒഴിവാക്കി നേരെ കഥയിലേക്കു കടക്കാറുണ്ട്‌. പണ്ടൊക്കെ പുലരുന്നതുവരെയായിരുന്നു കളി. ഇന്ന്‌ ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കഥകളും അവതരിപ്പിക്കുന്നു. പുതിയ തലമുറയെ കഥകളിയിലേക്ക്‌ അടുപ്പിക്കാന്‍ ഇത്തരം ചില മാറ്റങ്ങള്‍ വരുത്താം. 
  • മലയാളികളുടെ അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകം റിയാലിറ്റിഷോകളുടെയും വിവരസാങ്കേതിക വിദ്യയുടെയും വെള്ളപ്പാച്ചിലില്‍ കടപുഴകിപ്പോകാതിരിക്കാന്‍ താങ്കള്‍ക്ക്‌ എന്തുമാര്‍ഗമാണ്‌ നിര്‍ദ്ദേശിക്കാനുള്ളത്‌?
റിയാലിറ്റിഷോകളും മറ്റും ഒരു ഘട്ടം കഴിയുമ്പോള്‍ ആസ്വാദകരില്‍ മടുപ്പുളവാക്കും. കാമ്പുള്ള, മൂല്യമുള്ള, വെള്ളംചേര്‍ക്കാത്ത കഥകളി പോലുള്ള കലകള്‍ കാലത്തെ അതിജീവിക്കുകതന്നെ ചെയ്യും. 

നവരസങ്ങള്‍
1. ശൃംഗാരം: സ്‌ത്രീപുരുഷന്മാരുടെ പവിത്രമായ സ്‌നേഹത്തെയാണ്‌ ഇതില്‍ വര്‍ണിക്കുക.
ശൃംഗാരത്തിന്റെ സ്ഥായിഭാവം രതിയാണ്‌.
അഭിനയരീതി: കടക്കണ്ണുകൊണ്ട്‌ കടാക്ഷിച്ച്‌ പുരികങ്ങളെ ഭംഗിയായി അല്‌പം ഉയര്‍ത്തി ചലിപ്പിച്ച്‌ അധരം മന്ദസ്‌മിതമാക്കി മുഖരാഗം പ്രസന്നമാക്കിത്തീര്‍ത്താല്‍ ശൃംഗാരരസമാകും.
2. വീരരസം: സ്ഥായിഭാവം ഉത്‌സാഹം
അഭിനയരീതി: കൃഷ്‌ണമണികളെ ഉജ്ജ്വലമായി തുറിപ്പിച്ച്‌ പുരികം പൊക്കുകയും ചിലപ്പോള്‍ ഇളക്കുകയും കണ്‍പോളകളെ നീളം വരുത്തി പിടിക്കുകയും കവിള്‍ ഉയര്‍ത്തുകയും മുഖരാഗം രക്തമയമാക്കുകയും ചെയ്‌താല്‍ വീരരസമായിത്തീരും.
3.കരുണം: സ്ഥായിഭാവം ശോകം
അഭിനയരീതി: കൃഷ്‌ണമണി ശക്തി കുറച്ചു കീഴ്‌പ്പോട്ടു വീഴ്‌ത്തുകയും മൂക്കു നിശ്ചലമായിരിക്കുകയും കവിള്‍ ഒടിച്ചിട്ട്‌ കഴുത്ത്‌ ഓരോ ഭാഗത്തേക്കും ക്രമേണ ചെരിക്കുകയും മുഖരാഗം ശ്യാമമാക്കുകയും ചെയ്‌താല്‍ കരുണരസം ജനിക്കും.
4. ഹാസ്യം: സ്ഥായിഭാവം ഹാസം
അഭിനയരീതി: ഒരു പുരികം മാത്രം പൊക്കി കൃഷ്‌ണമണികളെ ഉള്ളിലേക്ക്‌ ആകര്‍ഷിച്ച്‌ മൂക്കു ചുരുക്കിപ്പിടിക്കുകയും കണ്‍പോളകള്‍ അല്‌പം ചെറുതാക്കുകയും മുഖരാഗം പ്രസന്നമാക്കുകയും ചെയ്‌താല്‍ ഹാസ്യരസം.
5. അത്‌ഭുതം: അസാധാരണമോ ലോകോത്തരമോ ആയ വസ്‌തുക്കളുടെ ദര്‍ശന-ശ്രവണാദികളാല്‍ മനസ്സിലുണ്ടാകുന്ന കുതൂഹലമാണ്‌ വിസ്‌മയം.
അഭിനയരീതി: പുരികങ്ങള്‍ ഒരുപോലെ ഭംഗിയില്‍ പൊക്കി ദൃഷ്‌ടി ക്രമേണ പുറത്തേക്കു തള്ളുകയും ഇരുപോളകളും നീളം വരുത്തിക്കൊണ്ടു നോക്കുകയും താടിയും കഴുത്തും കുറച്ചു മുന്നോട്ടു തള്ളിപ്പിടിക്കുകയും മുഖരാഗം പ്രസന്നമാക്കുകയും ചെയ്‌താല്‍ അത്‌ഭുതരസം.
6. ഭയാനകം: സ്ഥായിഭാവം ഭയം
അഭിനയരീതി: പുരികങ്ങളോരോന്നായും പിന്നീട്‌ ഒന്നിച്ചും ഉയര്‍ത്തിയിട്ട്‌ കൃഷ്‌ണമണികളെ ശക്തിയോടെ പുറത്തേക്കു തള്ളുകയും കൂടെക്കൂടെ ഇളക്കുകയും ഇരുവശത്തേക്കും കഴുത്തു ചെരിച്ചു നോക്കുകയും മൂക്കിന്റെ സുഷിരങ്ങള്‍ വിടര്‍ത്തുകയും അധരം ഉള്ളിലേക്കു വലിച്ചു പിടിക്കുകയും മുഖരാഗം ആദ്യം ശ്യാമവും പിന്നീടു രക്തവും ആക്കുകയും ചെയ്‌താല്‍ ഭയാനകരസമായിത്തീരും.
7. ബീഭത്‌സം: സ്ഥായിഭാവം ജുഗുപ്‌സ
അഭിനയരീതി: ദൃഷ്‌ടിയെ ഉള്ളിലേക്ക്‌ ആകര്‍ഷിക്കുകയും പുരികങ്ങള്‍ താഴ്‌ത്തി മൂക്കു ചുരുക്കുകയും കണ്‍പോളകള്‍ തമ്മിലടിക്കുകയും ചുണ്ടു വളച്ചുപിടിക്കുകയും കവിള്‍ ഒടിച്ചിടുകയും കഴുത്തു കുനിക്കുകയും മുഖരാഗം കുറച്ചു രക്തമാക്കി പ്രയോഗിക്കുകയും ചെയ്‌താല്‍ ബീഭത്‌സരസം.
8. രൗദ്രം: സ്ഥായിഭാവം ക്രോധം
അഭിനയരീതി: കണ്ണു നല്ലപോലെ തുറിപ്പിച്ച്‌ പുരികം രണ്ടും നല്ലപോലെ ഉയര്‍ത്തിപ്പിടിക്കുകയും മൂക്ക്‌ വികസിപ്പിക്കുകയും കണ്‍പോളകളുടെ കട കൂടെക്കൂടെ കുറുക്കുകയും അധരം വിറപ്പിക്കുകയും പല്ലുകടിച്ച്‌ മുഖരാഗം രക്തമാക്കുകയും ചെയ്‌താല്‍ രൗദ്രരസമായിത്തീരും.
9.ശാന്തം: സ്ഥായിഭാവം സംയമനം
അഭിനയരീതി: ദൃഷ്‌ടികളെ നാസാഗ്രത്തില്‍ ചേര്‍ത്തു കണ്‍പോളകള്‍ പകുതി അടച്ചു നിശ്ചലമാക്കിത്തീര്‍ക്കുകയും മുഖരാഗം സ്വാഭാവികമാക്കുകയും ചെയ്‌താല്‍ ശാന്തരസമായി പരിണമിക്കും