Christmas Exam


Labour India Info World

Wednesday 26 June 2013

Class VI Malayalam - (കേരള പാഠാവലി) Unit-II.നന്മയുടെ പൂമരങ്ങള്‍

പുലര്‍ച്ചെ നാലു മണിക്ക്‌ നാരായണന്‍ കൃഷ്‌ണന്റെ ദിവസം ആരംഭിക്കുന്നു. തെരുവില്‍ അലയുന്ന മാനസികനില തെറ്റിയവരും അശരണരുമായ ആളുകളെ കണ്ടെത്തി സ്വയം പാകംചെയ്‌ത ഭക്ഷണം സ്വന്തം കൈകൊണ്ട്‌ നല്‍കുന്നതില്‍ ശ്രദ്ധാലുവാണ്‌ തമിഴ്‌നാട്ടുകാരനായ ഇൗ ചെറുപ്പക്കാരന്‍. സമനില തെറ്റിയ ഒരാള്‍ വിശപ്പ്‌ സഹിക്കാനാവാതെ സ്വന്തം മലം ഭക്ഷിക്കുന്ന ദയനീയമായ കാഴ്‌ചയാണ്‌,സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലഭിച്ച ഹോട്ടല്‍ ജോലി
ഉപേക്ഷിച്ച്‌ നിസ്സഹായര്‍ക്കായി ജീവിതം മാറ്റിവയ്‌ക്കാന്‍ ഇദ്ദേഹെത്ത പ്രേരിപ്പിച്ചത്‌. അന്യജീവനു നേരെയുള്ള കലര്‍പ്പില്ലാത്ത സ്‌നേഹം നാമിവിടെ കാണുന്നു.
ഇങ്ങനെ സ്വന്തം ജീവിതം മറ്റുള്ളവരുടെ നന്മയ്‌ക്കും സുഖത്തിനും വേണ്ടി മാറ്റിവയ്‌ക്കുമ്പോഴാണ്‌ നാമോരോരുത്തരും നന്മയുടെ പൂമരങ്ങളാകുന്നത്‌

Class X - Malayalam (അടിസ്‌ഥാന പാഠാവലി) Unit-1 :മലയാളം

`ഏതു ഭാഷയിലാണോ ഞാന്‍ ചിന്തിക്കുന്നത്‌ അതാണെന്റെ ഭാഷ. എന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ ഏതു ഭാഷയിലാണോ ചിന്തിച്ചിരുന്നത്‌ അതാണെന്റെ ഭാഷയായിത്തീരുന്നത്‌. ഏതു ഭാഷയിലാണോ ഞാന്‍ സ്വപ്‌നം കാണുന്നത്‌, 
അതാണെന്റെ ഭാഷ.'-കുഞ്ഞുണ്ണിമാഷ്‌ 

മാതൃഭാഷാസങ്കല്‌പം
മനുഷ്യന്‍െറ മനുഷ്യത്വം കൂടെക്കൂടെ തെളിയിച്ചുകൊണ്ടിരിക്കാനും സഹജീവികളോട്‌ ആവശ്യമായ ബന്ധം ഊട്ടിയുറപ്പിക്കുവാനും അവനെ സഹായി ക്കുന്ന പ്രധാനപ്പെട്ട ഒരുപാധിയാണ്‌ ഭാഷ. അംഗവൈകല്യമൊന്നുമില്ലാത്ത ഏതു ശിശുവും ജനിക്കുന്നത്‌ സ്‌പര്‍ശിച്ചറിയാനും സ്വാദുനോക്കാനും കേള്‍ക്കാനും മണംപിടിക്കാനും കാണാനും മറ്റുമുള്ള സജ്ജീകരണങ്ങളോടെയാണല്ലോ. താന്‍ ഏതു സമൂഹത്തില്‍ ജീവിക്കാന്‍ ഇടയാകുന്നുവോ ആ സമൂഹത്തിന്‍െറ ഭാഷ, വിശേഷിച്ചാരുടേയും സഹായമോ നിര്‍ദ്ദേശമോ ഒന്നുമില്ലാതെ കേട്ടറിഞ്ഞു വശമാക്കാനാവശ്യമായ തയാറെടുപ്പും ശിശുവിനു സ്വന്തമായുണ്ട്‌. അതുകൊണ്ടാ ണ്‌ മാതൃഭാഷ കുട്ടിയെ ആരും പഠിപ്പി ക്കേണ്ടതില്ല എന്ന്‌ ഭാഷാശാസ്‌ത്രജ്ഞര്‍ പറയാറുള്ളത്‌. മാതൃഭാഷ യഥാര്‍ത്ഥത്തിലുള്ള അമ്മയുടെ ഭാഷയായി ക്കൊള്ളണമെന്നില്ല എന്ന വസ്‌തുതയും ഇവിടെ ശ്രദ്ധിക്കണം. കേരളത്തില്‍ മലയാളികളായ മാതാപിതാക്കള്‍ക്കു ജനിക്കുന്ന ശിശുക്കളെ ഉടന്‍തന്നെ വല്ല വിദേശത്തേക്കും മാറ്റിപ്പാര്‍പ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌ ആലോചിച്ചുനോക്കുക. വളരുന്നത്‌ ജപ്പാനിലാണെങ്കില്‍ ജാപ്പനീസും റഷ്യയിലാണെങ്കില്‍ റഷ്യനും ഇംഗ്ലണ്ടിലെങ്കില്‍ ഇംഗ്ലീഷും കുഞ്ഞിന്‍െറ മാതൃഭാഷയായിത്തീരുന്നു. മാതൃഭാഷാസമാര്‍ജനത്തില്‍ ശിശുവിനു മാതാവായി വര്‍ത്തിക്കുന്നത്‌ അവന്‍െറ പെറ്റമ്മ മാത്രമല്ല, പോറ്റമ്മയെന്നു കരുതാവുന്ന സമൂഹംകൂടിയാണ്‌. ഭാഷയുടെ സാമൂഹിക ധര്‍മ്മത്തിന്‍െറ പ്രാധാന്യം ഇതില്‍നിന്നു വ്യക്തമാകുന്നു. -ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ 
മലയാളവും മലയാളികളും
എല്ലാത്തരം സാംസ്‌കാരികാഭിവൃദ്ധിയുടെയും അടിത്തറ മാതൃഭാഷയാണ്‌. അടിയുറച്ച മാതൃ ഭാഷാസ്‌നേഹവും മാതൃഭാഷാഭിമാനവുമുള്ള ജനതയ്‌ക്കേ യഥാര്‍ത്ഥ സാംസ്‌കാരികാഭിവൃദ്ധി ലഭിക്കുകയുള്ളൂ. മാതൃഭാഷാസ്‌നേഹത്തിന്‍െറ കാര്യത്തില്‍ പ്രശംസാര്‍ഹമായ പാരമ്പര്യമുള്ളവര്‍തന്നെയാണു കേരളീയര്‍. എന്നാല്‍ ഇന്നോ ഭാരതത്തിലൊരിടത്തും നമ്മെക്കാള്‍ മാതൃഭാഷാസ്‌നേഹം കുറഞ്ഞവര്‍ കാണുമെന്നു തോന്നുന്നില്ല. മാതൃഭാഷയിലെ ഒരക്ഷരംപോലും എഴുതുവാന്‍ അറിയാതെ ഏതു വലിയ ബിരുദവും നേടാന്‍ കഴിയുന്ന ഒരേയൊരു ഭാരതീയ സംസ്‌ഥാനമാണു കേരളം. ഈ ബിരുദധാരികള്‍ക്ക്‌ ഇവിടെ ഉദ്യോഗം ലഭിക്കുന്നതില്‍, മാതൃഭാഷ ഒട്ടും അറിയായ്‌ക തടസ്സമേ അല്ല. എന്നാല്‍ ഇവര്‍ക്കു തമിഴ്‌നാട്ടില്‍ ഉദ്യോഗം കിട്ടി യാല്‍, അതു സ്ഥിരപ്പെടണമെങ്കില്‍ അവിടത്തെ പ്രത്യേക തമിഴ്‌പ്പരീക്ഷ ജയിച്ചിരിക്കണം.
മറ്റെത്ര ഭാഷകളില്‍ പ്രാവീണ്യം നേടിയാലും, ഇതരസംസ്‌ഥാനക്കാരൊന്നും മാതൃഭാഷയെ മറക്കുന്നില്ല. മലയാളികളില്‍ ചിലരാകട്ടെ, അടുത്ത കാലത്ത്‌, അല്‌പം `മുറിയിംഗ്ലീഷ്‌' പറഞ്ഞു തുടങ്ങുമ്പോഴേക്ക്‌ മലയാളത്തെ പുച്ഛിക്കാന്‍ തുടങ്ങുകയായി. അതുമല്ല, തങ്ങള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കും മലയാളം തീരെ വശമില്ലെന്ന കാര്യം അഭിമാനത്തോടെ എടുത്തുപറയാനും ഇവര്‍ക്കു മടിയില്ല. കുറച്ചുകാലമെങ്കിലും വിദേശത്തു കഴിഞ്ഞവരിലാണ്‌ ഈ ദുശ്ശീലം കൂടുതല്‍ പ്രകടമാകുന്നത്‌. ഇവരെല്ലാമുള്‍പ്പെട്ട മലയാളികളുടെ മലയാളം കൂടുതല്‍ കൂടുതല്‍ വികൃതമായിത്തീരുക സ്വാഭാവികം മാത്രം.
-പന്മന രാമചന്ദ്രന്‍നായര്‍ 

Class X Malayalam - (കേരള പാഠാവലി) Unit-II.Chapter-3.യാത്രാമൊഴി

ഭാരതീയ സ്‌ത്രീത്വത്തോടു കാരുണ്യംകാട്ടിയ കൃതി
സീതയുടെ ഭര്‍ത്താവായ രാമന്‍ ഉത്തമനാണെന്നു പ്രസിദ്ധം. എന്നിട്ടും, സീത അനുഭവിച്ചത്‌ ദുസ്സഹമായ വ്യഥയാണ്‌. അപ്പോള്‍ ഒരു സാധാരണ ഭാരതീയസ്‌ത്രീ നേരിടേണ്ടിവരുന്ന ദുഃഖം എത്രത്തോളമാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. നിസ്സഹായമായ ഭാരതീയ സ്‌ത്രീത്വത്തോടു കാരുണ്യം കാട്ടാനും അവര്‍ക്കുവേണ്ടി വാദിക്കാനുമാണ്‌ ആശാന്‍ സീതാകാവ്യമെഴുതിയത്‌. `ചിന്താവിഷ്‌യായ സീത'യില്‍ ഒരു ഫെമിനിസ്‌റ്റ്‌ വ്യാഖ്യാനത്തിനു സാംഗത്യമുണ്ടെന്നര്‍ഥം.
സ്‌ത്രീകളനുഭവിക്കുന്ന അസ്വതന്ത്രതയ്‌ക്കും നിസ്സഹായതയ്‌ക്കുമുള്ള യഥാര്‍ത്ഥകാരണം എന്താണ്‌? പുരുഷന്റെ സ്വാര്‍ഥം മാത്രമോ? ആവണമെന്നില്ല. നിര്‍ദയമായ സാമൂഹികനീതിയുടെ സമ്മര്‍ദ്ദമാണിതിനൊക്കെയും കാരണമായിത്തീരുന്നത്‌. ഭാരതീയമായ പുരുഷപാരമ്പര്യമാണ്‌ ആത്യന്തിക നിമിത്തമെന്നുസാരം. തന്മൂലം, സീതയുടെ ഭര്‍ത്തൃവിമര്‍ശനം മെല്ലെമെല്ലെ പാരുഷ്യം വെടിഞ്ഞു മൃദുലമായിത്തീരുന്നു. രാമന്‍ തെറ്റായ നീതിബോധത്തിന്റെ തടവുകാരനാണെന്നവള്‍ ചിന്തിക്കുന്നു. രാമനും ഒരിരമാത്രമാകുന്നു; തന്നിമിത്തം ദയാര്‍ഹനും. എങ്കിലും, ``സഹധര്‍മിണിയൊത്തു വാഴുവാന്‍ / ഗഹനത്തില്‍ സ്‌ഥലമില്ലിവേണ്ടപോല്‍'' എന്ന ചോദ്യം പിന്നെയും അവശേഷിക്കുകയാണ്‌. ചെങ്കോലിനെക്കാള്‍ യോഗദണ്ഡിനു പ്രാധാന്യവും വന്ദ്യതയും കല്‌പിക്കുന്ന ഒരു സംസ്‌കാരമാണ്‌ ഭാരതത്തിന്റേതെന്നാണ്‌ ധാരണ. അതുള്‍ക്കൊള്ളാനാവാതെ പോയ, രാജാവായ ഭര്‍ത്താവിനെ, സ്‌നേഹാധികാരം കൊണ്ടു വിമര്‍ശിക്കുകയാണു സീത.

കടപ്പാട്‌: ആശാന്‍ കവിത - പുരാവൃത്ത പഠനം 

സീതയുടെ ഛായാപടം
രാജാ രവിവര്‍മ്മ രചിച്ച സീതയുടെ ഛായാപടമാണ്‌ ചിന്താവിഷ്ടയായ സീതയുടെ രചനയ്‌ക്ക്‌ ആശാനു പ്രചോദനമായി ഭവിച്ചതെന്നു പറയപ്പെടുന്നു. പ്രസ്‌തുത ചിത്രത്തില്‍
കണ്ണുംനട്ട്‌ അദ്ദേഹം ധ്യാനമൂകനായി നില്‍ക്കുമായിരുന്നുവത്രേ. സീതയെക്കുറിച്ച്‌ വിവിധ ഭാരതീയഭാഷകളില്‍ അനേകം കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍, `വീണപൂവി'നെപ്പോലെ ആശാന്റെ `സീത'യും ഒരു അന്യാദൃശകാവ്യമാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇൗ പുരാതനകഥയ്‌ക്ക്‌ ആശാന്‍ പുതുരൂപം നല്‌കി അവതരിപ്പിച്ചു. 

Monday 10 June 2013

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-1മത്സരശ്രുതി

    മത്സരശ്രുതി

Class VII Malayalam Unit-2അതിനുമപ്പുറം Chapters-1ആള്‍രൂപങ്ങള്‍

ഇച്ഛാശക്തി നല്‍കിയ കരുത്ത്‌

തോമസ്‌ കൊറ്റോടത്തിനെ അറിയുമോ? അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയിട്ടും പതറാതെ ജീവിതം വെല്ലുവിളിയാക്കി സ്വന്തമായൊരു സംരംഭം വിജയിപ്പിച്ച അസാധാരണ വ്യക്തിത്വത്തിനുടമയാണ്‌ ഈ കുറുപ്പന്തറ സ്വദേശി. 24-ാം വയസ്സിലാണ്‌ തോമസ് കൊറ്റോടത്തിന് വിധിയുടെ ക്രൂരമായ പ്രഹരമേറ്റത്. അരയ്ക്ക് കീഴ്‌പ്പോട്ട് പൂര്‍ണമായും തളര്‍ന്നുപോയ തോമസിനെ ചികിത്സകളൊന്നും തുണച്ചില്ല. ശരീരം തോറ്റപ്പോഴും മനസ്സ് പിടിച്ചുനിന്നു. 
ആര്‍ക്കും ഭാരമാവാതെ ജീവിക്കണമെന്ന ഇച്ഛാശക്തിയാണ്‌ തോമസിന്‌ കരുത്തേകിയത്‌. കോട്ടയം അതിരൂപതയുടെ കീഴിലുള്ള കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തോമസിന്റെ തുണയ്‌ക്കെത്തി. അവരുടെ സഹായത്തോടെ വീടിനോട് ചേര്‍ന്ന് ചെറിയൊരു പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങി. 12 വര്‍ഷം മുമ്പ് നന്നെ ചെറുതായി തുടങ്ങിയ യൂണിറ്റ് ഇപ്പോള്‍ തോമസിനും കുടുംബത്തിനും ജീവിക്കാന്‍ മതിയായ വരുമാനം നല്‍കുന്നു. 
വിവിധ തരം ഫയലുകള്‍, തൊപ്പികള്‍, ബാഗുകള്‍, കിറ്റുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഉല്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും വേണ്ടുവോളമുണ്ട്‌. തോമസിന്റെ യൂണിറ്റിലേക്ക് വേണ്ട ഉല്പന്നങ്ങള്‍ ഉണ്ടാക്കി സമീപത്തെ ചില വീട്ടുകാരും വരുമാനമുണ്ടാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലും തല്പരനായ തോമസ് ആ ലക്ഷ്യത്തോടെ  തുണിസഞ്ചികളും നിര്‍മ്മിച്ചുനല്‍കുന്നുണ്ട്‌. ഭാര്യ സിസിലിയും മക്കളായ സുധീപും സുനീഷും തോമസിന് എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ട്. എല്ലാറ്റിനും താങ്ങും തണലുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും.
പ്രസ്ഥാനം കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തോമസിനിപ്പോള്‍.  ഒരു സ്‌ക്രീന്‍ പ്രിന്റിങ് യൂണിറ്റാണ് തോമസിന്റെ മനസ്സില്‍. തോമസിന്റെ മോഹം സഫലമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉറപ്പുനല്‍കുന്നു. 
വൈകല്യം മൂലം ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ വലിയൊരു സന്ദേശമാണ്‌ തോമസിന്റെ ജീവിതം പകര്‍ന്നു നല്‍കുന്നത്‌. ഇച്ഛശക്തി ഉണ്ടെങ്കില്‍ എത്ര വലിയ വൈകല്യത്തെയും ജയിക്കാം എന്ന സന്ദേശം. 

Wednesday 5 June 2013

Class VIII Malayalam (അടിസ്‌ഥാന പാഠാവലി) Unit-1.ശിശിരത്തിലെ ഓക്കുമരം

മരഡോക്‌ടര്‍
തടാഹിക്കോ യമാനോ. വൈദ്യന്മാര്‍ മനുഷ്യരെ ശുശ്രൂഷിക്കുന്നതുപോലെ മരങ്ങളെ പരിരക്ഷിക്കുന്നയാള്‍. 1900-ല്‍ ഒസാക്കയിലാണ്‌ തടാഹിക്കോ യമാനോ ജനിച്ചത്‌. പര്‍വ്വതങ്ങളെയും മരങ്ങളെയും സ്‌നേഹിച്ചിരുന്ന അദ്ദേഹം ചെറുപ്പകാലം മുഴുവന്‍ മറ്റുരാജ്യങ്ങളില്‍ വനപരിപാലനരംഗത്തു സേവനമനുഷ്‌ഠിച്ചു. കാടു മനുഷ്യനു മാത്രമുള്ളതല്ലെന്ന്‌ ഡോ. യമാനോ സ്വയം തിരിച്ചറിഞ്ഞു. 
പല ജീവികളുടെയും ഗൃഹമാണത്‌. മരങ്ങളെങ്ങനെ ജലം സംഭരിച്ചു നിലനിര്‍ത്തുന്നു എന്നും നമ്മെ പ്രളയക്കെടുതിയില്‍നിന്ന്‌ രക്ഷിക്കുന്നു എന്നും അദ്ദേഹം മനസ്സിലാക്കി.നമ്മെപ്പോലെ തന്നെ ജീവനുള്ളവയാണ്‌ മരങ്ങളെന്നു ഡോ. യമാനോ വിശ്വസിച്ചു. ജലവും വായുവും പോഷകങ്ങളും ഉള്‍ക്കൊള്ളുവാന്‍ അനുവദിച്ചുകൊണ്ട്‌, അവയുടെ പോടുകള്‍ അടയ്‌ക്കുവാന്‍ കോണ്‍ക്രീറ്റിനു പകരം മണ്ണ്‌ ഉപയോഗിച്ചു. വല്ലാതെ കേടുപറ്റിയ ഭാഗങ്ങള്‍ മുറിച്ചുകളയുകയും മരങ്ങളെ ഒരു ബ്രഷ്‌ ഉപയോഗിച്ചു വൃത്തിയാക്കുകയും ചെയ്‌തു. സ്വയം ഉണ്ടാക്കിയ പോഷകങ്ങളും മരുന്നും അടങ്ങിയ ഇന്‍ജക്ഷനുകള്‍ അദ്ദേഹം മരങ്ങള്‍ക്കു നല്‍കി. ഇത്തരം ബാഹ്യവും ആന്തരികവുമായ വൃക്ഷചികിത്‌സാരീതി അക്കാലത്തു നൂതനമായിരുന്നു. ആദ്യകാലത്തു മറ്റു ശാസ്‌ത്രജ്‌ഞരും പണ്‌ഡിതരും അദ്ദേഹത്തിന്റെ സംരംഭത്തെ പാടേ അവഗണിച്ചു.
ഏതായാലും ഡോ. യമാനോയുടെ വൃക്ഷചികിത്‌സാരീതികള്‍ക്കു താമസിയാതെ തന്നെ പ്രതീക്ഷിച്ചതിലും അധികം ഫലമുണ്ടായി. പല പഴയ മരങ്ങളും പുനരുജ്‌ജീവിക്കുകയും അവയില്‍ പുത്തന്‍ മുകുളങ്ങള്‍ വിരിയുകയും ചെയ്‌തു. വാര്‍ദ്ധക്യം ബാധിച്ച, ആരോഗ്യം ക്ഷയിച്ച മരങ്ങളെ രക്ഷിക്കുന്ന വൃക്ഷഡോക്‌ടറായാണ്‌ യമാനോ ലോകം മുഴുവന്‍ ഇന്നറിയപ്പെടുന്നത്‌.

Class VIII Malayalam Unit-2 Chapter-1.പടച്ചോന്റെ ചോറ്‌

ഉറൂബ്‌ - മനുഷ്യസ്‌നേഹത്തിന്റെ ഇതിഹാസകാരന്‍

മലയാളത്തിലെ നോവലിന്റെയും ചെറുകഥയുടെയും ചരിത്രത്തില്‍ അനശ്വരസംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ്‌ ഉറൂബ്‌ (പി.സി. കുട്ടിക്കൃഷ്‌ണന്‍). ചെറുകഥാ പ്രസ്ഥാനത്തില്‍ രണ്ടാംഘട്ടത്തിന്റെ പ്രതിനിധിയാണ്‌ അദ്ദേഹം. ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണുന്ന ഇൗ എഴുത്തുകാരന്‍ സവിശേഷമായ ജീവിതദര്‍ശനത്തിനുടമയാണ്‌. മനുഷ്യജീവിതത്തിന്റെ മഹത്ത്വവും `മര്‍ത്യന്‍ സുന്ദരനാണ്‌' എന്ന ദര്‍ശനവുമാണ്‌ ഉറൂബിന്റെ കൃതികളുടെ അടിസ്ഥാനം. സുന്ദരികളും സുന്ദരന്മാരുമാണ്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. പുറമെ ദുഷ്ടന്മാരെന്ന്‌ തോന്നുന്ന കഥാപാത്രങ്ങളുടെയുള്ളിലും നന്മയുടെ ഉറവകള്‍ കണ്ടെത്താന്‍ ഉറൂബ്‌ ശ്രമിക്കുന്നു.
മനുഷ്യസ്‌നേഹമാണ്‌ ഉറൂബിന്റെ ദര്‍ശനത്തിന്റെ കാതല്‍. ചെറുകഥകളിലൂടെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്‌മചിത്രങ്ങള്‍ അവതരിപ്പിക്കുന്ന അദ്ദേഹം നോവലുകളിലൂടെ മനുഷ്യജീവിതമെന്ന അതിവിശാലമായ സമുദ്രത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ അന്വേഷിക്കുന്നു. കേരളചരിത്രവും സംസ്‌കാരവും ഭാഷയും ചേതോഹരമായി സമ്മേളിക്കുന്ന സുന്ദരമായ ഭൂഭാഗദൃശ്യങ്ങളാണ്‌ ഉറൂബിന്റെ കൃതികള്‍ തുറന്നിടുന്നത്‌. സമഗ്രമായ മാനവദര്‍ശനമാണ്‌ അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും ശക്തികേന്ദ്രം. ബാഹ്യലോകത്തെ സൂക്ഷ്‌മമായി ചിത്രീകരിക്കാന്‍ കഴിയുന്നതുപോലെ തന്നെ മനുഷ്യമനസ്സിന്റെ ആഴങ്ങളും ആവിഷ്‌കരിക്കാന്‍ ഉറൂബിന്‌ കഴിഞ്ഞിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ മാനസിക പ്രക്രിയകള്‍ ആലേഖനം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുന്നു. മനുഷ്യമനസ്സിനുള്ളിലേക്ക്‌ കടന്നുചെല്ലുന്ന ഇൗ എഴുത്തുകാരന്‍ ദേശത്തിന്റെ കഥകളോടൊപ്പം മനുഷ്യമനസ്സിന്റെ കഥകളും പറഞ്ഞുതരുന്നു.